രാജ്യസഭയില്‍ നിന്ന് രാജി വെയ്ക്കാന്‍ പി.ഡി.പി, എം.പിമാരോട് മെഹ്ബൂബ മുഫ്തി

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജ്യസഭയില്‍ നിന്നും രാജി വെയ്ക്കാന്‍  പി.ഡി.പി, എം.പിമാരോട് ആവശ്യപ്പെട്ടു. ഒന്നുകില്‍ രാജി അല്ലെങ്കില്‍ ബഹിഷ്‌കരണം എന്നാണ് മെഹ്ബൂബ മുഫ്തി എം.പിമാരോട് പറഞ്ഞെതെന്ന് പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.വീട്ടുതടങ്കലില്‍ കഴിയവേയാണ് അവര്‍ എം.പിമാര്‍ക്ക് സന്ദേശം കൈമാറിയത്.

അതേസമയം രാജിക്കാര്യം തങ്ങള്‍ ആലോചിക്കുന്നുണ്ടെന്നും എന്നാല്‍ പി.ഡി.പി നേതൃത്വത്തില്‍ നിന്നും കൃത്യമായ നിര്‍ദേശം ലഭിക്കേണ്ടതുണ്ടെന്നുമാണ് എം.പി ഫയാസ് പ്രതികരിച്ചത്. വാര്‍ത്താവിനിമയ സംവിധാനങ്ങളെല്ലാം വിച്ഛേദിച്ചതു കൊണ്ട് ആരുമായും ആശയവിനിമയം സാധ്യമായിട്ടില്ലെന്നും പ്രത്യേക യോഗം ചേര്‍ന്ന ശേഷം കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യസഭയില്‍ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ആര്‍ട്ടിക്കിള്‍ 370 നും 35 എയും റദ്ദാക്കി കൊണ്ടുള്ള ബില്‍ അവതരിപ്പിച്ചപ്പോള്‍ ഭരണഘടന കീറിക്കൊണ്ടായിരുന്നു പി.ഡി.പി എം.പിമാരായ ഫയാസും നസീര്‍ അഹമ്മദും പ്രതിഷേധിച്ചത്. സ്വന്തം വസ്ത്രം വലിച്ചുകീറി കയ്യില്‍ കറുത്ത ബാന്റ് ധരിച്ചായിരുന്നു ഇവര്‍ പുറത്തിറങ്ങിയത്.

കശ്മീര്‍ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ രണ്ട് എം.പിമാരും രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ സഹായം ആവശ്യപ്പെട്ടിരുന്നു.

കശ്മീരില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ നടക്കുന്നത് എന്താണെന്ന് ജനങ്ങള്‍ക്ക് അറിയില്ലെന്നും ജനങ്ങള്‍ക്കിടയില്‍ നടക്കുന്നത് ഉദ്യോഗസ്ഥര്‍ക്ക് അറിയില്ലെന്നും എം.പിമാര്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആര്‍ട്ടിക്കിള്‍ 35 എ, ആര്‍ട്ടിക്കിള്‍ 370, കശ്മീരിന്റെ വിഭജനം എന്നിവയെ കുറിച്ച് വളരെ നിരുത്തരവാദിത്വപരമായ ഊഹക്കച്ചവടമാണ് കശ്മീരില്‍ നടക്കുന്നതെന്നും എം.പിമാര്‍ പറഞ്ഞു. കശ്മീര്‍ പ്രശ്‌നം രാഷ്ട്രീയമാണെന്നും അത് രാഷ്ട്രീയമായി തന്നെ പരിഹരിക്കേണ്ടതെന്നുമാണ് എം.പിമാരുടെ നിലപാട്.

പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ പ്രതിഷേധത്തെ മറികടന്നു കൊണ്ടായിരുന്നു അമിത് ഷാ പ്രമേയം അവതരിപ്പിച്ചത്. ജമ്മു കാശ്മീരിന്റെ പ്രത്യേക പരിരക്ഷ എടുത്തു കളയുന്നതാണ് ബില്‍. ഉപരാഷ്ട്രപതിക്കുള്ള വിവേചനാധികാരം ഉപയോഗിച്ചാണ് ബില്‍ അവതരിപ്പിച്ചത്.