പുതുക്കിയ നീറ്റ് പിജി പരീക്ഷാ തീയതി പ്രഖ്യാപിച്ചു; 2 ഷിഫ്റ്റിൽ പരീക്ഷ

നീറ്റ് പിജി പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11 ന് പരീക്ഷ നടത്താനാണ് തീരുമാനം. രണ്ട് ഷിഫ്റ്റുകളായിട്ടാണ് പരീക്ഷ നടത്തുകയെന്ന് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് അറിയിച്ചു. ഉദ്യോഗാർത്ഥികൾക്ക് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ natboard.edu.in-ൽ വിജ്ഞാപനം ലഭ്യമാകും.

https://natboard.edu.in/viewNotice.php?NBE=NVBabElEQnVCQmJCckZ3TldzU05Kdz09

നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചത്. പരീക്ഷ റദ്ദാക്കി ഏകദേശം 13 ദിവസങ്ങൾക്ക് ശേഷമാണിപ്പോൾ പുതുക്കിയ തിയതി വന്നിരിക്കുന്നത്. നേരത്തെ ജൂൺ 23 ന് നിശ്ചയിച്ചിരുന്ന പരീക്ഷ മാറ്റി വയ്ക്കുകയായിരുന്നു. മുൻകരുതൽ നടപടിയായി ആരോഗ്യ മന്ത്രാലയമാണ് പരീക്ഷ മാറ്റി വച്ചത്.

വ്യക്തമായ കാരണം ഇല്ലാതെ നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. നിലവിലെ പരീക്ഷ ക്രമക്കേടുകളും വിവാദങ്ങളുമാണ് നീറ്റ് പിജി പരീക്ഷ മാറ്റാൻ കാരണമെന്നാണ് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് വിശദീകരിച്ചത്. അതേസമയം, നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യ പേപ്പർ ചോർന്നതിനെ തുടർന്ന് സംസ്ഥാനങ്ങളുടെ സഹകരണം കേന്ദ്രം തേടിയിട്ടുണ്ട്. പരീക്ഷ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ രണ്ട് നിരീക്ഷകരെ സംസ്ഥാനങ്ങൾ നിയോഗിക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു. ഇതിലൊരാൾ പൊലീസ് ഉദ്യോഗസ്ഥനാകണമെന്നും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.