പുതുക്കിയ നീറ്റ് യൂജി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; കണ്ണൂർ സ്വദേശി ശ്രീനന്ദൻ ശർമ്മിളിന് ഒന്നാം റാങ്ക്

നീറ്റ് യൂജി 2024 പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് അവരുടെ അപ്‌ഡേറ്റ് ചെയ്ത ഫലങ്ങൾ exams.nta.ac.in ൽ പരിശോധിക്കാം. ഫലങ്ങളും സ്‌കോർകാർഡുകളും neet.ntaonline.in എന്ന വെബ്‌സൈറ്റിലും പരിശോധിക്കാവുന്നതാണ്. പുതുക്കിയ ലിസ്റ്റിൽ 17 പേർക്ക് ഒന്നാംറാങ്ക് ഉണ്ട്. അതേസമയം കേരളത്തിൽ നിന്നും കണ്ണൂർ സ്വദേശി സ്വദേശി ശ്രീനന്ദൻ ശർമ്മിൾ ഒന്നാം റാങ്ക് കരസ്ഥമാക്കി.

സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് ഫലം പുതുക്കിയത്. നേരത്തെ മുഴുവൻ മാർക്ക് നേടിയ വിദ്യാർഥികളുടെ എണ്ണം 61 ആയിരുന്നു. എന്നാൽ പുതുക്കിയ ഫലം പുറത്ത് വന്നപ്പോൾ അത് 17 ആയി കുറഞ്ഞു. കേരളത്തിൽ നിന്നും നാല് പേർക്ക് ഒന്നാം റാങ്ക് ഉണ്ടായിരുന്നു. അന്തിമ ഫലം വന്നപ്പോൾ ഇത് ഒന്നായി ചുരുങ്ങി. ഇത് നാലാം തവണയാണ് ഫലം പുറത്തുവരുന്നത്. ആദ്യ ഫലം ജൂൺ 4 നും രണ്ടാമത്തേത് ജൂൺ 30 നും മൂന്നാമത്തേത് 2024 ജൂലൈ 20 നും പ്രസിദ്ധീകരിച്ചിരുന്നു.

സുപ്രീം കോടതി ഇടപെടലിനെ തുടർന്നാണ് ഫലം പുതുക്കാൻ തീരുമാനമായത്. അടുത്ത രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് ജൂലൈ 23ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നു. അതേസമയം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതോടെ മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റിയും സംസ്ഥാന കൗൺസലിംഗ് ബോഡികളും യുജി മെഡിക്കൽ പ്രവേശനത്തിനുള്ള ഓൺലൈൻ കൗൺസിലിംഗ് പ്രക്രിയ ആരംഭിക്കും. തിയതി പ്രഖ്യാപിച്ചാൽ മാത്രമേ നടപടിക്രമങ്ങൾ ആരംഭിക്കാനാകു.