'എനിക്ക് മൂന്ന് പെൺമക്കൾ... അവനെ തൂക്കി കൊല്ലാൻ വിധിച്ചാലും ഞാനത് സ്വാഗതം ചെയ്യും'; സഞ്ജയ് റോയിയുടെ അമ്മ

മകനെ തൂക്കികൊല്ലാൻ വിധിച്ചാലും കോടതി വിധി സ്വാഗതം ചെയ്യുമെന്ന് കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയിയുടെ അമ്മ മാലതി റോയി. കേസിൽ കഴിഞ്ഞ ദിവസം സഞ്ജയ് റോയ് കുറ്റക്കാരനാണെന്ന് കൊൽക്കത്ത സീൽദായിലെ അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമ്മയുടെ പ്രതികരണം.

‘എനിക്ക് മൂന്ന് പെൺമക്കളുണ്ട്, അവരുടെ (ഇരയുടെ മാതാപിതാക്കളുടെ) വേദന ഞാൻ മനസ്സിലാക്കുന്നു. … അവൻ അർഹിക്കുന്ന എന്തെങ്കിലും ശിക്ഷ ലഭിക്കട്ടെ. അവനെ തൂക്കിക്കൊല്ലാൻ കോടതി പറഞ്ഞാലും ഞാൻ അത് അംഗീകരിക്കും’- എന്നായിരുന്നു മാലതി റോയിയുടെ വാക്കുകൾ. സജയ് റോയിയുടെ ശിക്ഷാവിധി നാളെ നടക്കാനിരിക്കെയാണ് അമ്മയുടെ പ്രതികരണം.

സഞ്ജയ് റോയിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് അയാളുടെ സഹോദരി സബിതയും പറയുന്നു. സഹോദരൻ അറസ്റ്റിലായതിന് ശേഷം വീടിന് പുറത്തിറങ്ങാൻ ഭയമായി. ആഴ്ചയിൽ ഒരിക്കൽ ക്ഷേത്രത്തിൽ പോകാറുണ്ടായിരുന്നു. അതും നിർത്തേണ്ടി വന്നു. ഒരാൾ ചെയ്‌ത കുറ്റത്തിന്‌ തങ്ങൾ എല്ലാവരും ശാപം ഏറ്റുവാങ്ങുകയാണ്. ആളുകൾ വളരെ മോശമായാണ് തന്റെ കുടുംബത്തെക്കുറിച്ച് സംസാരിക്കുന്നത്. തൻ്റെ ഭർത്താവിൻ്റെ കുടുംബത്തിൽ നിന്ന് പോലും പഴികേൾക്കേണ്ടി വന്നു .ഈ കൊലപാതകം സഞ്ജയ് റോയ് ഒറ്റയ്ക്ക് ചെയ്തുവെന്നത് വിശ്വസിക്കാനാകുന്നില്ല എന്നും അയാൾക്ക് കൂട്ടാളികൾ ഉണ്ടായിരുന്നിരിക്കാമെന്നും സഹോദരി പറഞ്ഞു.

സഞ്ജയ് റോയ് പോലീസിൻ്റെ പിടിയിലായതിന് ശേഷം ഒരിക്കൽ പോലും അമ്മയോ സഹോദരിയോ അയാളെ കാണാൻ ജയിലിൽ എത്തിയിരുന്നില്ല. നിർഭയ കേസിന് സമാനമായി പ്രതിയ്ക്ക് വധശിക്ഷ നൽകണമെന്നാണ് കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ്റെ വാദിച്ചത്.. അതിക്രൂരമായ ഈ കൊലപാതക കുറ്റത്തിന് പ്രതിയ്ക്ക് വധശിക്ഷയോ 25 വർഷം തടവോ ശിക്ഷയായി ലഭിച്ചേക്കാമെന്ന് വിധി വിശദീകരിച്ചുകൊണ്ട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്‌ജി പറഞ്ഞു.

Read more

2024 ഓഗസ്റ്റ് ഒൻപതാം തീയതിയാണ് ട്രെയിനി ഡോക്‌ടറെ ആർജി കർ ആശുപത്രിയിലെ സെമിനാർ ഹാളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ബലാത്സംഗത്തിന് ശേഷമാണ് വനിതാ ഡോക്‌ടർ കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയതോടെ സംസ്ഥാനത്തും രാജ്യമൊട്ടാകെയും പ്രതിഷേധം ഇരമ്പി. ഓഗസ്റ്റ് പത്താം തീയതി സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തു.