ജി 20 ഉച്ചകോടിക്കിടെ അക്ഷര്‍ധാം ക്ഷേത്രം സന്ദർശിച്ച് 'ഇന്ത്യയുടെ മരുമകന്‍'; ഡല്‍ഹിയില്‍ ചുറ്റി കറങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഭാര്യയും

ജി 20 ഉച്ചകോടിയിൽ നിന്ന് ക്ഷേത്ര സന്ദർശനത്തിനായി ഇടവേളയെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷതാ മൂർത്തിയും. ഡൽഹിയിലെ അക്ഷരധാം ക്ഷേത്രമാണ് ഇന്ന് രാവിലെ ഋഷി സുനകും ഭാര്യയും സന്ദർശിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ആയ ശേഷം ആദ്യമായാണ് ഋഷി സുനക് ഇന്ത്യയിലെത്തുന്നത്.

ഹിന്ദു വേരുകളുള്ള ഋഷി സുനക്, ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇന്ത്യയിൽ എത്തിയപ്പോൾ തന്നെ ഇവിടുത്തെ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. തന്റെ ഹിന്ദു വേരുകളിൽ അഭിമാനം പ്രകടിപ്പിച്ച സുനക്, ഇന്ത്യയിലെ ഒരു ക്ഷേത്രം സന്ദർശിക്കാൻ സമയം കണ്ടെത്തുമെന്നും ഇന്നലെ പറഞ്ഞിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെയും ഭാര്യയുടെയും സന്ദർശനത്തിന്റെ ഭാഗമായി അക്ഷര്‍ധാം ക്ഷേത്രത്തിലും പരിസരത്തും സുരക്ഷാ ശക്തമാക്കിയിരുന്നു.

‘ഞാനൊരു ഹിന്ദുവാണ്. ഹിന്ദു ആചാരങ്ങൾ അനുസരിച്ചാണ് വളർന്നത്. രക്ഷാബന്ധൻ ദിനവും ഞങ്ങൾ ആഘോഷിച്ചു. എന്നാൽ ജന്മാഷ്ടമി ആഘോഷിക്കാൻ സമയം കിട്ടിയില്ല. പക്ഷേ, ഇത്തവണ ഒരു ക്ഷേത്രം സന്ദർശിച്ചാൽ ആ കുറവ് നികത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു”-

താനും ഭാര്യ അക്ഷതയും പതിവായി സന്ദർശിച്ചിരുന്ന ഡൽഹി റെസ്റ്റോറന്റുകൾ സന്ദർശിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും ഋഷി സുനക് പറഞ്ഞു പറഞ്ഞു.

പ്രധാനമന്ത്രി മോദിയോട് തനിക്ക് വലിയ ബഹുമാനം ഉണ്ടെന്നും ജി 20 വൻ വിജയമാക്കുന്നതിന് അദ്ദേഹത്തെ പിന്തുണയ്ക്കാൻ താൽപ്പര്യമുണ്ടെന്നും സുനക് പറഞ്ഞു. ക്ഷേത്രത്തിലെ പ്രാർത്ഥനകൾക്ക് ശേഷം മറ്റ് ലോക നേതാക്കൾക്കൊപ്പം സുനക് രാജ്ഘട്ടിലേക്ക് പോയി. രാജ്ഘട്ടില്‍ സ്ഥാപിച്ചിരുന്ന പീസ് വോളില്‍ നേതാക്കള്‍ ഒപ്പുവെച്ചു. പിന്നാലെ ഉച്ചകോടി നടപടികൾക്ക് വേണ്ടി നേതാക്കൾ ഭാരത് മണ്ഡപത്തിലേക്ക് മടങ്ങി.

അതേസമയം ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഋഷി സുനകുമായി ചർച്ച നടത്തിയിരുന്നു. ഇന്ത്യയും യുകെയും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ ആഴത്തിലാക്കാനും നിക്ഷേപം വർദ്ധിപ്പിക്കാനുമുള്ള വഴികൾ ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ജി 20 ഉച്ചകോടി ഇന്ന് സമാപിക്കും. ‘ഒരു ഭാവി’ എന്ന ഉച്ചകോടിയുടെ ശേഷിക്കുന്ന സെഷനിലാണ് ഇന്ന് ചർച്ച നടക്കുന്നത്.