ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൻറെ വോട്ടെണ്ണലിൽ ക്രമക്കേട് ആരോപിച്ച് മഹാസഖ്യം. പാറ്റ്ന ഹൈക്കോടതിയെയോ, സുപ്രീംകോടതിയേയോ സമീപിക്കാനാണ് ആലോചിക്കുന്നത്. നിയമവിദഗ്ധരുമായി ചർച്ച നടത്തി അന്തിമ തീരുമാനമെടുക്കുമെന്ന് ആർജെഡി അറിയിച്ചു.
ബിഹാർ വോട്ടെണ്ണൽ അട്ടിമറി ശ്രമം നടക്കുന്നതായി ആർജെഡി ചൊവ്വാഴ്ച രാത്രി തന്നെ പരാതിപ്പെട്ടിരുന്നു. എന്നാൽ ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷൻ രാത്രി തന്നെ നിഷേധിച്ചിരുന്നു. കോൺഗ്രസും സമാന ആരോപണവുമായി രംഗത്തെത്തിയിരുന്നു. വിജയിച്ചുവെന്ന് ആദ്യം അറിയിച്ച സ്ഥാനാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽകാൻ വൈകുകയും പിന്നീട് തോറ്റെന്ന് അറിയിക്കുകയും ചെയ്തുവെന്നാണ് ആരോപണം.
119 സീറ്റുകളിൽ വിജയം അവകാശപ്പെട്ട് ഒരു പട്ടികയും ആർജെഡി പുറത്തിറക്കിയിരുന്നു.
മൂന്ന് സീറ്റുകളിൽ റീക്കൗണ്ടിംഗ് വേണമെന്ന് സിപിഐഎംഎല്ലും രംഗത്തെത്തിയിരുന്നു. ഭോരെ, അറാ, ദരൌന്ദാ നിയോജക മണ്ഡലങ്ങളിലാണ് റീക്കൗണ്ടിംഗ് നടത്തണമെന്നാണ് ആവശ്യം. വളരെ കുറഞ്ഞ മാര്‍ജിനിലാണ് ഇവിടെ സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടിരിക്കുന്നതെന്നും ഇതില്‍ വോട്ടെണ്ണല്‍ മാനദണ്ഡങ്ങളില്‍ വീഴ്ചയുണ്ടെന്നുമാണ് പരാതി.
നിലവിൽ 125 സീറ്റുകൾ നേടി അധികാരം ഉറപ്പിച്ചിരിക്കുകയാണ് എൻഡിഎ സഖ്യം. 122 സീറ്റുകളാണ് കേവല ഭൂരിപക്ഷം നേടാൻ ആവശ്യം. ആര്‍ജെഡിയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉള്‍പ്പെടുന്ന മഹാഗഡ്ബന്ധന്‍ 110 സീറ്റുകളാണ് നേടിയത്. 75 സീറ്റ് നേടിയ ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. കഴിഞ്ഞ തവണ 80 സീറ്റാണ് ആര്‍ജെഡി നേടിയിരുന്നത്. തൊട്ടുപിന്നില്‍ 74 സീറ്റുമായി ബിജെപി വലിയ രണ്ടാമത്തെ കക്ഷിയായി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെഡിയു 43 സീറ്റുകളിലൊതുങ്ങി.
എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ അപ്രസക്തമാക്കിയാണ് എന്‍ഡിഎ വിജയം സ്വന്തമാക്കിയത്. മഹാഗഡ്ബന്ധന്‍ വിജയിക്കുമെന്നായിരുന്നു എല്ലാ എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നത്. ബുധനാഴ്ച പുലര്‍ച്ചെ നാലിനാണ് അവസാന ഫലം പുറത്ത് വന്നത്.