ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യയിലേക്ക്; ജയ്പൂരില്‍ ഇമ്മാനുവല്‍ മാക്രോണ്‍ നരേന്ദ്ര മോദി റോഡ് ഷോ; റിപ്പബ്ലിക് ദിന പരേഡില്‍ ഫ്രാന്‍സ് സൈന്യവും

റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി എത്തുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചേര്‍ന്ന് റോഡ് ഷോ നടത്തും. രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് ഇമ്മാനുവല്‍ മാക്രോണ്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ജയ്പുരിലെത്തും.

ജയ്പുര്‍ വിമാനത്താവളത്തില്‍ ഉച്ചകഴിഞ്ഞ് 2.30ന് വിമാനമിറങ്ങുന്ന അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുക്കും. തുടര്‍ന്ന് ഇരുവരും ജയ്പുരിലെ ചരിത്രപ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. പിന്നീട് താജ് റാംബാഗ് പാലസ് ഹോട്ടലില്‍ മോദിക്കൊപ്പം ഉഭയകക്ഷി ചര്‍ച്ച.

ഇരുരാജ്യങ്ങളും തമ്മില്‍ നിരവധി കരാറുകളില്‍ ഒപ്പുവെക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഇരുവരും രാത്രി 8.50ന് ഡല്‍ഹിക്ക് തിരിക്കും. നാളെ കര്‍ത്തവ്യപഥില്‍ റിപ്പബ്ലിക് ദിന പരേഡിന് ഫ്രഞ്ച് പ്രസിഡന്റ മുഖ്യാതിഥിയായിരിക്കും.. ഫ്രാന്‍സില്‍നിന്നുള്ള സൈനികരും പരേഡില്‍ അണിനിരക്കുന്നുണ്ട്. വൈകീട്ട് 7.10ന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി കൂടിക്കാഴ്ച നടിയശേഷം അദേഹം ഫ്രാന്‍സിലേക്ക് മടങ്ങും.