മുംബൈയില്‍ ബാങ്ക് കവര്‍ച്ചക്ക് എത്തിയവര്‍ ജീവനക്കാരനെ വെടിവെച്ചു കൊന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈയിലെ ദഹിസര്‍ ബ്രാഞ്ചിലാണ് സംഭവം. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. എസ്.ബി.ഐയിലെ ഔട്ട്സോഴ്സ് ജീവനക്കാരനായിരുന്നസന്ദേശ് ഗോമര്‍നെയാണ് കൊന്നത്.
സന്ദേശ് ബാങ്കിന് പുറത്ത് നില്‍ക്കുകയായിരുന്നു. മുഖംമൂടി ധരിച്ച രണ്ട് പേര്‍ ബാങ്കിനുള്ളിലേക്ക് കയറുന്നത് കണ്ട് സംശയം തോന്നിയതിനെ തുടര്‍ന്ന് ഇയാള്‍ അവരെ തടഞ്ഞു. അപ്പോള്‍ തന്നെ മോഷ്ടാക്കളില്‍ ഒരാള്‍ കൈയില്‍ ഉണ്ടായിരുന്ന തോക്കെടുത്ത് സന്ദേശിന് നേരെ വെടിവെച്ചു. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. മറ്റു ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി അവിടെ നിന്നും പണവുമായി പൊലീസ് എത്തുന്നതിന് മുമ്പ് തന്നെ അക്രമികള്‍ കടന്നു കളഞ്ഞു. സന്ദേശ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
ബാങ്കിനുള്ളില്‍ മുഖംമൂടി ധരിച്ച രണ്ട് പേരെത്തുന്നതും അതിലൊരാള്‍ തോക്ക് ചൂണ്ടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. എട്ട് ഉദ്യോഗസ്ഥരാണ് ആക്രമം നടന്ന സമയത്ത് ഓഫീസിലുണ്ടായിരുന്നത്. ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പര്‍വിന്‍ പഡ്വാല്‍, വിശാല്‍ താക്കൂര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.