ഓട്ടോയില്‍ 'ഐ ലവ് യൂ കെജ്രിവാള്‍' എന്നെഴുതി; ഡ്രൈവര്‍ക്ക് പതിനായിരം രൂപ പിഴയിട്ട് ഇലക്ഷന്‍ കമ്മിഷന്‍

ഓട്ടോയില്‍ “ഐ ലവ് യു കെജ്രിവാള്‍” എന്നെഴുതിയ ഡ്രൈവര്‍ക്ക് 10,000 രൂപ പിഴയിട്ട് ഇലക്ഷന്‍ കമ്മിഷന്‍. ഇതിനെ ചോദ്യം ചെയ്ത് ഓട്ടോ ഡ്രൈവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി സര്‍ക്കാരിനോടും പോലീസിനോടും ഇലക്ഷന്‍ കമ്മിഷനോടും ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു.

ഒരു വ്യക്തി സ്വന്തം പണം ചെലഴിച്ച് പരസ്യം ചെയ്യുന്നതിനെ കുറിച്ച് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ പരാമര്‍ശിക്കുന്നില്ലെന്ന് ഡ്രൈവറുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഓട്ടോയുള്‍പ്പടെയുളള പൊതുഗതാഗതത്തിന്റെ വശങ്ങളിലും പിറകുവശത്തും രാഷ്ട്രീയ പരസ്യങ്ങള്‍ പതിക്കാമെന്ന് 2018-ല്‍ ഡല്‍ഹി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത വാദം കേള്‍ക്കുന്ന മാര്‍ച്ച് മൂന്നിന് ഇതുസംബന്ധിച്ച വിശദീകരണം നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

എന്തിനാണ് പിഴ ചുമത്തിയതെന്ന് അന്വേഷിക്കുന്നതിനായി സമയം അനുവദിക്കണമെന്ന് സര്‍ക്കാരും പോലീസും കോടതിയെ അറിയിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടാണ് ഇയാള്‍ക്കെതിരെ പിഴ ചുമത്തിയതെന്ന് ഇലക്ഷന്‍ കമ്മിഷന്‍ അറിയിച്ചു.

Read more

“ഐ ലവ് യു കെജ്രിവാള്‍, സിര്‍ഫ് കെജ്രിവാള്‍” (ഞാന്‍ കെജ്രിവാളിനെ സ്നേഹിക്കുന്നു, കെജ്രിവാളിനെ മാത്രം)എന്നാണ് ഓട്ടോ ഡ്രൈവര്‍ തന്റെ ഓട്ടോയില്‍ എഴുതിയിരുന്നത്.