നിരോധിക്കപ്പെട്ട നൂറുകോടിയുടെ നോട്ട് വേട്ട: ബിസിനസുകാരുള്‍പ്പെടെയുള്ള സംഘം പിടിയില്‍

കാണ്‍പൂരില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ ഒളിപ്പിച്ച 100 കോടി രൂപയുടെ നിരോധിത നോട്ടുകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ ഏഴു ബിസിനസുകാര്‍ ഉള്‍പ്പെടെ 16 പേര്‍ അറസ്റ്റില്‍. അറസ്റ്റു ചെയ്തവരില്‍ ഏഴു പേര്‍ ബിസിനസുകാരും 4 പേര്‍ പുതിയ നോട്ടുകള്‍ കൈമാറ്റം ചെയ്യുന്നവരും 5 പേര്‍ ഏജന്റുമാരുമാണ്.

കാണ്‍പൂര്‍, കൊല്‍ക്കത്ത, വാരണാസി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ശേഖരിക്കുന്ന നോട്ടുകള്‍ ഹൈദരബാദില്‍ കൊണ്ടുപോയി പുതിയ നോട്ടുകളാക്കി മാറ്റുന്ന സംഘമാണ് കാണ്‍പൂരിലെ നോട്ടുവേട്ടയില്‍ പിടിയിലായത്.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ആദായ നികുതി വകുപ്പും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ചേര്‍ന്ന് റെയ്ഡ് നടത്തിയത്. നിരോധിച്ച 500ന്റെയും 1000ത്തിന്റെയും നോട്ടുകളാണ് കണ്ടെത്തിയത്.

ബിസിനസ്‌കാരനായ ആനന്ദ് കത്രിയും ഇയാളുടെ സഹായിയായ ഒരു ഏജന്റുമാണ് ഇതിന് പിന്നിലെ മുഖ്യ സൂത്രധാരന്‍. വിവിധ ബിസിനസുകാരില്‍ നിന്നും നിരോധിത നോട്ടുകള്‍ ശേഖരിച്ച് സ്വരൂപ് നഗറിലുള്ള വീട്ടില്‍ രഹസ്യമായി സൂക്ഷിച്ചു വെച്ചതിന് ശേഷം പുതിയ നോട്ടുകളാക്കി മാറ്റുകയാണ് ചെയ്തിരുന്നതെന്ന് കണ്ടെത്തി.

സെക്ഷന്‍ 420 , 511 , 120, പ്രത്യേക ബാങ്ക് നോട്ട് ആക്ട് 5/7 എന്നിവ ചാര്‍ത്തിയാണ് എല്ലാവരെയും അറസ്റ്റു ചെയ്തിരിക്കുന്നതെന്ന് കാണ്‍പൂര്‍ മേഖലാ ഐ.ജി അലോക് സിങ് പറഞ്ഞു.