ക്രിസ്മസ് ആഘോഷത്തിനിടെ ആര്‍എസ്എസ് അതിക്രമം; പ്രാര്‍ത്ഥനാഹാള്‍ അടിച്ചു തകര്‍ത്തു

ക്രിസ്മസ് ആഘോഷം നടക്കുന്ന പ്രാര്‍ത്ഥനാ ഹാളില്‍ ആര്‍എസ്എസിന്റെ അതിക്രമം. കോയമ്പത്തൂര്‍ മാതംപാളയത്തിലാണ് സംഘ് പ്രവര്‍ത്തകരുടെ അക്രമ വിളയാട്ടം നടന്നത്. ആഘോഷം നടക്കുകയായിരുന്നു ഹാളിലേക്ക് അതിക്രമിച്ച് കയറി അടിച്ചുതകര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ സഭയിലെ പാസ്റ്റര്‍ക്കും ഏതാനും വിശ്വാസികള്‍ക്കും പരുക്കേറ്റു.

പ്രാര്‍ത്ഥനാ ഹാളിന് സമീപം താമസിക്കുന്ന സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ സെല്‍വരാജ് എന്നയാളും കുടുംബാംഗങ്ങളും ഇരുപതോളം ആര്‍എസ്എസ് പ്രവര്‍ത്തകരും ചേര്‍ന്നാണ് ഹാള്‍ അടിച്ചു തകര്‍ത്തതെന്ന് അക്രമണത്തിനിരയായ പാസ്റ്റര്‍ വ്യക്തമാക്കി. ക്രിസ്മസ് ആഘോഷം തടയുകയായിരുന്നു ഇവര്‍ ലക്ഷ്യമിട്ടിരുന്നതെന്നും പാസ്റ്റര്‍ കാര്‍ത്തിക് പറഞ്ഞു.

അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും തങ്ങള്‍ക്ക് പോലീസ് സംരക്ഷണം നല്‍കുകയും ചെയ്യണമെന്ന് സഭാ പാസ്റ്റര്‍ ആവശ്യപ്പെട്ടു. ഔദ്യോഗികമായി പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് കോയമ്പത്തൂര്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ലോഗനാഥന്‍ പറഞ്ഞു.

ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെ സെല്‍വരാജും കുടുംബാംഗങ്ങളും 20 ഓളം ആര്‍എസ്എസ് പ്രവര്‍ത്തകരും അതിക്രമിച്ച് കടന്ന് അക്രമം അഴിച്ചുവിടുകയായിരുന്നു. വീട്ടില്‍ നിന്നും അക്രമണത്തിനുള്ള പദ്ധതി തയ്യാറാക്കി പെട്ടെന്നു അക്രമിക്കുകയായിരുന്നു. അതേസമയം, ക്രിസ്മസ് പ്രാര്‍ത്ഥന നടത്തിയ ഹാളിന് അതിനുള്ള അനുമതിയുണ്ടായിരുന്നില്ലെന്ന് വാദിച്ച തടിയൂരാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്.