ആര്‍എസ്എസ്-ബിജെപി പോര്; യോഗി ആദിത്യനാഥുമായി മോഹന്‍ ഭാഗവത് ചര്‍ച്ച നടത്തും

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് ചര്‍ച്ച നടത്തും. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബിജെപിയ്ക്കുണ്ടായ കനത്ത തിരിച്ചടി വലിയ വിവാദമായ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് ഫലത്തിലുണ്ടായ തിരിച്ചടി യോഗിയുടെ ഇടപെടലിനെ തുടര്‍ന്നാണെന്ന് നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു.

ഗോരഖ്പൂരിലാവും കൂടിക്കാഴ്ച നടക്കുക. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം മോഹന്‍ ഭാഗവത്തിന്റെ വിമര്‍ശനവും വലിയ ചര്‍ച്ചയായിരുന്നു. എന്‍ഡിഎ ജനങ്ങളെ വിഭജിക്കുന്ന തരത്തിലാണ് പ്രചാരണം നടത്തിയതെന്നായിരുന്നു മോഹന്‍ ഭാഗവത്തിന്റെ വിമര്‍ശനം. ഇതിന് പിന്നാലെ ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവനയും വിവാദമായിരുന്നു.

രാമന്റെ ഭക്തരായിരുന്നവര്‍ അഹങ്കാരികളായതോടെയാണ് സീറ്റ് കുറഞ്ഞതെന്നായിരുന്നു ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവന. പ്രസ്താവന വിവാദമായതോടെ ആര്‍എസ്എസ് നേതൃത്വം ഇടപെട്ട് തിരുത്തുകയായിരുന്നു. ബിജെപിയ്‌ക്കെതിരെ മോഹന്‍ ഭാഗവത്തിന്റെ പ്രസ്താവന ബിജെപിയില്‍ കടുത്ത അതൃപ്തിയുണ്ടാക്കിയിരുന്നു.