ബിജെപി നേതാക്കൾക്കെതിരെയുള്ള പരാമർശത്തിൽ നിന്ന് യൂ ടേണടിച്ച് ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ. അഹങ്കാരികളെ ശ്രീരാമന്‍ 240ല്‍ പിടിച്ചുകെട്ടി എന്ന പരാമർശത്തിൽ നിന്നാണ് ഇന്ദ്രേഷ് കുമാർ മലക്കം മറിഞ്ഞത്. രാമഭക്തർ വീണ്ടും അധികാരത്തിലെത്തുകയും രാമനെ ആരാധിക്കാത്തവർ പരാജയപ്പെടുകും ചെയ്തുവെന്ന് ഇന്ദ്രേഷ് കുമാർ തിരുത്തിപ്പറഞ്ഞു.
രാമനെ എതിർക്കുന്നവരാരോ അവർ അധികാരത്തിലെത്തിയില്ല. രാമന്റെ ആദരവ് ലക്ഷ്യം വെച്ച് നീങ്ങിയവർ അധികാരത്തിൽ എത്തുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മൂന്നാം വട്ടവും സർക്കാർ രൂപീകരിക്കുകയും ചെയ്തുവെന്ന് ഇന്ദ്രേഷ് കുമാർ പറഞ്ഞു. നേരത്തെ ഇന്ദ്രേഷ് കുമാർ നടത്തിയ പരാമർശം വലിയ രീതിയിൽ വിവാദമായതിന് പിന്നാലെയാണ് വിശദീകരണം എന്ന് വ്യക്തമാക്കി ആർഎസ്എസ് നേതാവ് വീണ്ടും രംഗത്തെത്തിയത്.
‘ജനാധിപത്യത്തില്‍ രാമരാജ്യത്തെ സഭ നോക്കൂ, രാമനെ ആരാധിച്ചവര്‍ ക്രമേണെ അഹങ്കാരികളായി മാറി. ആ പാര്‍ട്ടി വളര്‍ന്ന് വലിയ പാര്‍ട്ടിയായി. എന്നാല്‍ അഹങ്കാരം കാരണം അവര്‍ക്ക് കിട്ടേണ്ട വോട്ടുകളും അധികാരവും ദൈവം തടഞ്ഞു. രാമനെ എതിര്‍ത്തവര്‍ക്ക് അധികാരം കിട്ടിയില്ല. അവരെല്ലാവരും ഒന്നിച്ചുനിന്നിട്ട് പോലും രണ്ടാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. ദൈവത്തിന്റെ നീതി സത്യമാണ്’- എന്നായിരുന്നു നേരത്തെ ഇന്ദ്രേഷ് കുമാർ നടത്തിയ പരാമർശം.
ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ പരോക്ഷ വിമര്‍ശനത്തിന് പിന്നാലെയാണ് ഇന്ദ്രേഷ് കുമാറും രംഗത്തെത്തിയത്. യഥാര്‍ഥ സ്വയം സേവകന് അഹങ്കാരമുണ്ടാകില്ലെന്നും ആരേയും വേദനിപ്പിക്കാത്ത തരത്തിലാണ് പ്രവര്‍ത്തിക്കുകയെന്നുമാണ് ഭാഗവത് പറഞ്ഞത്. അതേസമയം മോഹൻ ഭാഗവതിന്റെ പ്രസ്താവനയിൽ വിശദീകരണവുമായി ആര്‍എസ്എസ് രംഗത്തെത്തി.
മോഹൻ ഭാഗവതടക്കമുള്ള നേതാക്കൾ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ നടത്തിയ പരാമർശങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയോ ബിജെപിയെക്കുറിച്ചോ അല്ലെന്നും പ്രസ്താവനയിൽ അറിയിച്ചു. ആർഎസ്എസും ബിജെപിയും തമ്മിൽ യാതൊരു തരത്തിലുള്ള അഭിപ്രായഭിന്നതയില്ലെന്നും പ്രസ്താവനയിൽ അറിയിച്ചു.