റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയുടെ ഇടക്കാല ജാമ്യാപേക്ഷ ഒറ്റ ദിവസം കൊണ്ട് പരിഗണിച്ച് തീർപ്പുകൽപ്പിച്ച സുപ്രീംകോടതി നടപടിക്കെതിരെ വ്യാപക വിമർശനം ഉയർന്ന സാഹചര്യത്തിൽ തീർപ്പാകാതെ കിടക്കുന്ന ജാമ്യാപേക്ഷകളുടെ എണ്ണം സംബന്ധിച്ച് ചോദ്യവുമായി വിവരാവകാശ പ്രവർത്തകൻ സാകേത് ഗോഖലെ.
ഇതുസംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച അപേക്ഷയിൽ രണ്ട് ചോദ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. സുപ്രീംകോടതിയിൽ ഇതുവരെ തീർപ്പാക്കാത്ത ഇടക്കാല ജാമ്യ അപേക്ഷകളുടെ എണ്ണം എത്ര, ഇടക്കാല ജാമ്യാപേക്ഷ സമർപ്പിച്ച് പരിഗണിക്കാനെടുക്കുന്നതിനുള്ള ശരാശരി സമയം എത്ര എന്നീ ചോദ്യങ്ങളാണ് സാകേത് ഗോഖലെ ചോദിച്ചിരിക്കുന്നത്.
വ്യക്തിപരമായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നതിനായി തങ്ങളുടെ അധികാരപരിധി വിനിയോഗിക്കാൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഹൈക്കോടതികളോട് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ആത്മഹത്യാപ്രേരണ കേസിൽ റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കും മറ്റ് രണ്ട് പേർക്കും ജാമ്യം അനുവദിക്കുന്നതിനിടെയാണ് ചന്ദ്രചൂഡ് ഈ നിരീക്ഷണം നടത്തിയത്.