ആറ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നവര്‍ക്ക് ഇന്ന് മുതല്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിര്‍ബന്ധം

കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ചൈനയടക്കം ആറ് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ആര്‍ടിപിടിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി. ചൈനയ്ക്കു പുറമേ ജപ്പാന്‍, ഹോങ്കോങ്, സൗത്ത് കൊറിയ, സിംഗപൂര്‍, തായ്‌ലന്‍ഡ് രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്കാണ് പരിശോധന കര്‍ശനമാക്കിയത്.

യാത്ര പുറപ്പെടുന്നതിനു 72 മണിക്കൂര്‍ മുന്‍പുള്ള ആര്‍ടിപിസിആര്‍ ഫലം എയര്‍ സുവിധ പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കണം. വിമാനത്താവളങ്ങളില്‍ നിരീക്ഷണം ഇന്ന് മുതല്‍ കൂടുതല്‍ ശക്തിപ്പെടുത്തും. വിമാനത്താവളങ്ങളില്‍ നിന്ന് ശേഖരിച്ച 5,666 സാമ്പിളുകളില്‍ 53 യാത്രക്കാര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ റാന്‍ഡം പരിശോധന നടത്തുമെന്ന് ഡിസംബര്‍ 24ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതിന് പുറമേ വിമാനത്താവളത്തിലെ പൊതു ഇടങ്ങളില്‍ മാസ്‌ക് കര്‍ക്കശമാക്കിയിട്ടുണ്ട്.

മുമ്പ് പല ഏഷ്യന്‍ രാജ്യങ്ങളിലും കോവിഡ് തരംഗം ആഞ്ഞടിച്ച് 30-35 ദിവസത്തിന് ശേഷമാണ് ഇന്ത്യയില്‍ കോവിഡ് നിരക്ക് വര്‍ധിച്ചത്. ഈ സാഹചര്യത്തിലാണ് വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കുന്നത്.

ജനുവരിയില്‍ ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അന്താരാഷ്ട്ര യാത്രികരില്‍ നടത്തിയ പരിശോധനയില്‍ കഴിഞ്ഞ ദിവസം 45 പേരില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

Read more

കോവിഡ് വാക്‌സിന്റെ നാലാം ഡോസിലേക്കു കടക്കേണ്ടതില്ലെന്നും ഇതിനു ശാസ്ത്രീയ പഠനമോ വിദഗ്ധസമിതിയുടെ അനുമതിയോ ഇല്ലെന്നും ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ചു. നേരത്തെ തന്നെ കരുതല്‍ ഡോസ് എടുത്തവര്‍ നാലാം ഡോസ് എടുക്കാനോ നേസല്‍ വാക്‌സീനെടുക്കാനോ മുതിരരുതെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.