തീവ്രവാദികള്‍ക്ക് കാനഡ രാഷ്ട്രീയ ഇടം നല്‍കുകയാണെന്ന് വിദേശകാര്യമന്ത്രി ജയശങ്കര്‍. യാതൊരു അടിസ്ഥാനവുമില്ലാതെ ഇന്ത്യക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ മേല്‍ നിരീക്ഷണമേര്‍പ്പെടുത്തിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രാംപ്ടണിലെ ഹിന്ദുസഭ ക്ഷേത്രത്തില്‍ ഖലിസ്ഥാന്‍ വിഘടനവാദികള്‍ നടത്തിയ ആക്രമണത്തെക്കുറിച്ചുള്ള പ്രതികരണത്തിലാണ് രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്.
ഖലിസ്ഥാന്‍ വിഘടനവാദികള്‍ക്ക് പിന്തുണ നല്‍കുകയും ഭീകരവാദിയായി പ്രഖ്യാപിച്ച ഹര്‍ദീപ് സിങ് നിജ്ജാര്‍ വധത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് ആരോപിക്കുകയും ചെയ്തതിനെതുടര്‍ന്ന് കാനഡുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് ജയ്ശങ്കറിന്റെ പ്രസ്താവന.
ഞായറാഴ്ചയാണ് ഖലിസ്ഥാന്‍ വിഘടനവാദികളായ പ്രതിഷേധക്കാര്‍ ബ്രാംപ്ടണിലെ ഹിന്ദുസഭ ക്ഷേത്രത്തില്‍ ആക്രമണം നടത്തിയത്. ഹിന്ദു മഹാസഭ മന്ദിറിനു നേരേയാണ് കഴിഞ്ഞദിവസം ഖലിസ്ഥാന്‍ പതാകകളും വടികളുമായി എത്തിയ സംഘം ആക്രമണം അഴിച്ചുവിട്ടത്.
വിശ്വാസികളെ ആക്രമിക്കുന്നതിനിടെ അക്രമികളെ കനേഡിയന്‍ പോലീസ് ഇടപെട്ട് നീക്കിയെങ്കിലും ഏതാനും പേര് ആക്രമണത്തിനിരയായി. ഖലിസ്ഥാന്‍ അനുകൂല പതാകകളുമായി എത്തിയാണ് ഒരു സംഘം ആക്രമണം നടത്തിയത്. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ആക്രമണത്തെ ഇന്ത്യ അപലപിച്ചു. തീവ്രവാദികളും വിഘടനവാദ സംഘങ്ങളും നടത്തിയ ഈ ആക്രമണത്തെ ശക്തമായി അപലപിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അക്രമികളെ നിയമത്തിനു മുന്നിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
കാനഡയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷയില്‍ കടുത്ത ആശങ്കയുണ്ട്. ആരാധനാലയങ്ങളെ ഇത്തരം ആക്രമണങ്ങളില്‍നിന്നു രക്ഷിക്കാന്‍ നടപടി വേണമെന്ന് കനേഡിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആക്രമണത്തെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയും അപലപിച്ചു. ഇത്തരം ആക്രമണങ്ങളെ അംഗീകരിക്കാനാകില്ലെന്നു പറഞ്ഞ പ്രധാനമന്ത്രി എല്ലാ പൗരന്മാര്ക്കും അവരുടെ വിശ്വാസം പിന്തുടരാനുള്ള അവകാശമുണ്ടെന്നും വ്യക്തമാക്കി.