പാര്‍ലിമെന്റില്‍ ശബരിമല ബില്‍ അവതരിപ്പിക്കാനിരിക്കെ, ഈ വിഷയത്തില്‍ ഓര്‍ഡിനന്‍സിറക്കാന്‍ തടസങ്ങളുണ്ടെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. ശബരിമല യുവതീപ്രവേശനത്തില്‍ കോടതി വിധി മറികടക്കുന്നതിന് തടസങ്ങളുണ്ടെന്നാണ് ബിജെപി ദേശീയ നേതാവ് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം സാധ്യമായത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല യുവതീപ്രവേശനത്തിന് എതിരെ കൊല്ലം എം.പി, എന്‍.കെ പ്രേമചന്ദ്രന്‍ ലോക്സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കാനിരിക്കെയാണ് ഓര്‍ഡിനന്‍സിന് തടസമുണ്ടെന്ന് ബിജെപി ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന. ശബരിമല ഉള്‍പ്പെടെ എന്‍. കെ പ്രേമചന്ദ്രന്‍ എം.പി നല്‍കിയ നാല് സ്വകാര്യ ബില്ലുകള്‍ക്കാണ് ഇന്ന് അവതരണാനുമതി ലഭിച്ചിട്ടുളത്.
ശബരിമല ശ്രീധര്‍മശാസ്ത്രക്ഷേത്ര ബില്‍ എന്ന പേരിലാണ് എന്‍.കെ പ്രേമചന്ദ്രന്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കുന്നത്. 17-ാമത് ലോക്സഭയിലെ ആദ്യത്തെ സ്വകാര്യ ബില്ലാണ് ഇത്. ശബരിമലയിലെ ആചാരങ്ങള്‍ക്ക് മാറ്റം ആവശ്യമാണെങ്കില്‍ 2018 സെപ്റ്റംബര്‍ ഒന്നിന് നിലനിന്ന ആചാരാനുഷ്ഠാനങ്ങള്‍ക്ക് അനുസൃതമാകണം. മതപരമായ രീതികള്‍ നടപ്പാക്കുന്നുവെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പു.വരുത്തണം എന്നീ ആവശ്യങ്ങളാണ് ബില്ലില്‍ എന്‍. കെ പ്രേമചന്ദ്രന്‍ നിര്‍ദ്ദേശിക്കുന്നത്.