ജനപിന്തുണയില്ല, അഗ്നിപഥ് പദ്ധതി കേന്ദ്ര സര്‍ക്കാർ പിന്‍വലിക്കേണ്ടി വരും; സച്ചിന്‍ പൈലറ്റ്

അഗ്നിപഥ് പദ്ധതി കേന്ദ്ര സര്‍ക്കാരിന് പിന്‍വലിക്കേണ്ടി വരുമെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. ജനപിന്തുണയില്ലാത്ത പദ്ധതിയാണ് അ​ഗ്നി പഥെന്നും അദ്ദേഹം പറഞ്ഞു. അഗ്നിപഥ് പദ്ധതിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ പ്രക്ഷോഭം നടത്തുന്ന യുവജനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നടത്തുന്ന സത്യാഗ്രഹ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്‍ഷിക നിയമങ്ങള്‍, സൈനിക നയങ്ങള്‍ തുടങ്ങി കേന്ദ്ര സര്‍ക്കാര്‍ അവരുടെ തീരുമാനങ്ങള്‍ രാജ്യത്തിന് മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് പോലെ അഗ്നിപഥ് പദ്ധതിയും പിന്‍വലിക്കേണ്ടി വരുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

കോണ്‍ഗ്രസ് പ്രക്ഷോഭത്തിൽ മുതിര്‍ന്ന നേതാക്കളായ പ്രിയങ്ക ഗാന്ധി, ദിഗ്‌വിജയ് സിങ്, കെസി വേണുഗോപാല്‍, ആധിര്‍ രഞ്ജന്‍ ചൗധരി, ജയറാം രമേശ്, അജയ് മാക്കന്ഡ എന്നിവരും  പങ്കെടുക്കുന്നുണ്ട്. അതേസമയം, സൈന്യത്തില്‍ ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥ് പദ്ധതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍ സര്‍ക്കാര്‍ പ്രമേയം പാസാക്കി.

മൂന്ന് സായുധ സേനകളിലേക്കായി പതിനേഴര വയസ്സിനും 21 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി നാല് വര്‍ഷത്തെ റിക്രൂട്ട്മെന്റിനുള്ള അഗ്‌നിപഥ് പദ്ധതി സായുധ സേനയെ പരിവര്‍ത്തനം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം.