മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ പരിശോധന രാജ്യാന്തര വിദഗ്ധരടങ്ങുന്ന നിഷ്പക്ഷ സംഘത്തെക്കൊണ്ട് നടത്തണമെന്ന കേരളത്തിന്റെ ആവശ്യം തള്ളണമെന്ന് തമിഴ്നാട് സുപ്രീംകോടതിയിൽ. സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഒരു രാജ്യാന്തര വിദഗ്ധ സമിതിയെക്കൊണ്ട് വിശദമായ സുരക്ഷാ പരിശോധന നടത്തണമെന്നായിരുന്നു കേരളം നൽകിയ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിരുന്നത്. കാലാവധി കഴിഞ്ഞ അണക്കെട്ടിന്റെ താഴെ പ്രദേശത്ത് താമസിക്കുന്ന അഞ്ചു ലക്ഷത്തിലേറെപ്പേരുടെ സുരക്ഷയിൽ ആശങ്ക വ്യക്തമാക്കിയായിരുന്നു കേരളം ആവശ്യമുന്നയിച്ചത്.
എന്നാൽ സമഗ്ര പരിശോധന നടത്താൻ നിയമപരമായ അധികാരം അണക്കെട്ടിന്റെ ഉടമകളായ തങ്ങൾക്കാണെന്നും തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ ഫയൽചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ആ പരിശോധന 2026 ഡിസംബർ 31-നകം പൂർത്തിയാക്കിയാൽ മതിയെന്നും തമിഴ്നാട് സുപ്രീം കോടതിയിൽ പറഞ്ഞു.
ഡോ. ജോ ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയില്‍ തമിഴ്നാട് മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തിരിക്കുന്നത്. സുരക്ഷാ പരിശോധനയ്ക്ക് തമിഴ്‌നാടിനെ ചുമതലപ്പെടുത്തണമെന്ന നിര്‍ദേശമടങ്ങുന്ന സത്യവാങ്മൂലം കേന്ദ്ര ജല കമ്മീഷനും മേല്‍നോട്ട സമിതിയും സുപ്രീംകോടതിയിൽ നേരത്തെ സമർപ്പിച്ചിരുന്നു.