കർണാടകയിലെ മാണ്ഡ്യയിലെ ഒരു കോളേജിൽ കാവി വസ്ത്രം ധരിച്ച ആൺകുട്ടികളുടെ ഒരു സംഘം ബുർഖ ധരിച്ചെത്തിയ വിദ്യാർത്ഥിനിയെ മുദ്രാവാക്യം വിളികളുമായി തടയാൻ ശ്രമിച്ചു. മാണ്ഡ്യ പ്രീ-യൂണിവേഴ്‌സിറ്റി കോളേജിൽ മുസ്ലീം വിദ്യാർത്ഥിനിയും കാവി വസ്ത്രം ധരിച്ച സംഘവും തമ്മിലുണ്ടായ സംഘർഷത്തിന്റെ വീഡിയോ പുറത്തുവന്നിരുന്നു.
വീഡിയോയിൽ, കാവി സ്കാർഫ് ധരിച്ച വിദ്യാർത്ഥികൾ “ജയ് ശ്രീറാം” എന്ന് വിളിച്ച് വിദ്യാർത്ഥിനിയുടെ നേരെ അടുക്കുമ്പോൾ യുവതി തന്റെ സ്കൂട്ടർ പാർക്ക് ചെയ്ത് കോളേജ് കെട്ടിടത്തിലേക്ക് പോകുന്നത് കാണാം. “അല്ലാഹു അക്ബർ” എന്ന് വിദ്യാർത്ഥിനി തിരിച്ചുവിളിക്കുകയും ചെയ്യുന്നു.
വിദ്യാർത്ഥിനി ക്ലാസുകളിലേക്ക് നടക്കുമ്പോൾ അവൾ “അല്ലാഹു അക്ബർ” എന്ന് വിളിക്കുന്നത് തുടരുന്നു, പിന്നാലെ ആൺകുട്ടികളും ആക്രോശവുമായി അടുക്കുന്നത് കാണാം. കോളേജ് അധികൃതർ ആൺകുട്ടികളെ തടഞ്ഞുനിർത്തി വിദ്യാർത്ഥിനിക്ക് അകമ്പടി പോകുന്നതായും വീഡിയോയിൽ കാണാം.
ഇന്ന് രാവിലെ, ഉഡുപ്പിയിലെ മഹാത്മാഗാന്ധി മെമ്മോറിയൽ (എംജിഎം) കോളേജിന് പുറത്ത് നടന്ന പ്രതിഷേധത്തിൽ ഒരു സംഘം ഹിജാബ് ധരിച്ചും മറ്റൊരു സംഘം കാവി സ്കാർഫ് ധരിച്ചും മുദ്രാവാക്യം വിളികളുയർത്തി. പൊലീസ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചു.
അതേസമയം ഹിജാബ് നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് ഉഡുപ്പിയിലെ സർക്കാർ കോളേജിലെ അഞ്ച് വിദ്യാർത്ഥിനികൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ശിരോവസ്ത്രം ധരിച്ചതിന് തങ്ങളെ ക്ലാസുകളിൽ നിന്ന് തടഞ്ഞുവെന്ന് ആരോപിച്ച് ആറ് വിദ്യാർത്ഥിനികൾ കഴിഞ്ഞ മാസം ഉഡുപ്പിയിലെ ഗവൺമെന്റ് ഗേൾസ് പിയു കോളേജിൽ ഹിജാബ് പ്രതിഷേധം ആരംഭിച്ചിരുന്നു.
ഉഡുപ്പിയിലെയും ചിക്കമംഗളൂരുവിലെയും തീവ്ര വലതുപക്ഷ സംഘടനകൾ മുസ്ലീം പെൺകുട്ടികൾ ഹിജാബ് ധരിച്ച് ക്ലാസിൽ പോകുന്നതിനെ എതിർത്തു. ഉഡുപ്പിയിലും പുറത്തുമുള്ള കൂടുതൽ കോളേജുകളിലേക്കും പ്രതിഷേധം വ്യാപിച്ചു, തുടർന്ന് ജീവനക്കാർ ഹിജാബ് നിരോധിച്ചു, നിരവധി വിദ്യാർത്ഥികൾ കാവി സ്കാർഫ് ധരിച്ച് മുദ്രാവാക്യം വിളിച്ച് ഏറ്റുമുട്ടൽ നിലപാട് സ്വീകരിച്ചു.
Read more
ശനിയാഴ്ച, സംസ്ഥാനത്തെ ബിജെപി സർക്കാർ “സമത്വം, സമഗ്രത, പൊതു ക്രമം എന്നിവയെ തടസ്സപ്പെടുത്തുന്ന” എന്ന് അവകാശപ്പെടുന്ന വസ്ത്രങ്ങൾ നിരോധിച്ചിരുന്നു.