ഡല്‍ഹി കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനി 27- കാരിയായ സഫൂറ സര്‍ഗറിന് ജാമ്യം അനുവദിച്ചു. മാനുഷികതയുടെ പേരില്‍ മോചിപ്പിക്കാന്‍ ഡല്‍ഹി പൊലീസ് സമ്മതിച്ചതിനാല്‍ ഡല്‍ഹി ഹൈക്കോടതി സഫൂറ സര്‍ഗറിന് ജാമ്യം അനുവദിക്കുകയായിരുന്നു.
ഡല്‍ഹിയില്‍ നിന്ന് പുറത്തുപോകുമ്പോള്‍ വിചാരണക്കോടതിയുടെ അനുമതി വാങ്ങണം, 15 ദിവസത്തിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നും കോടതി വ്യക്തമാക്കി.
ഗര്‍ഭിണിയായ സഫൂറ സര്‍ഗറിനെ കോവിഡ് -19 ഭീഷണിയുള്ള തിഹാര്‍ ജയിലില്‍ തടവിലാക്കിയതിനെ കുറിച്ച് വ്യാപകമായ ആശങ്കകള്‍ ഉയര്‍ന്നിരുന്നു. സഫൂറ സര്‍ഗറിനെ ഏപ്രില്‍ 10- നാണ് അറസ്റ്റ് ചെയ്തത്. സഫൂറയുടെ ജാമ്യാപേക്ഷ ജൂണ്‍ നാലിന് വിചാരണക്കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.