വ്യാജ രേഖ നിര്‍മ്മിച്ച കേസില്‍ നര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ മുംബൈയിലെ മുന്‍ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെക്കെതിരെ എഫ്.ഐ.ആര്‍. ബാര്‍ ലൈസന്‍സ് നേടാന്‍ തന്റെ പ്രായത്തില്‍ കൃത്രിമം കാണിക്കുകയും വ്യാജരേഖ ചമയ്ക്കുകയും ചെയ്തുവെന്നാണ് കേസ്.
എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥനായ ശങ്കര്‍ ഗോഗവാലെയാണ് പരാതി നല്‍കിയത്. 1996-97 കാലത്ത് നവിമുംബൈയില്‍ സദ്ഗുരു എന്ന ബാറിന്റെ ലൈസന്‍സ് സ്വന്തമാക്കുമ്പോള്‍ സമീര്‍ വാങ്കഡെയ്ക്ക് 18 വയസ്സില്‍ താഴെയായിരുന്നു പ്രായമെന്ന് പരാതിയില്‍ പറയുന്നു.
ബാറിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ താനെ കലക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പേ സമീര്‍ വാങ്കഡെ ബാര്‍ ലൈസന്‍സ് സ്വന്തമാക്കിയെന്ന് എന്‍.സി.പി നേതാവ് നവാബ് മാലിക് നേരത്തെ ആരോപിച്ചിരുന്നു. 17 വയസ്സുള്ളപ്പോഴാണ് വാങ്കഡെ ബാര്‍ ലൈസന്‍സ് സ്വന്തമാക്കിയതെന്നാണ് നവാബ് മാലിക് പറഞ്ഞത്. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, തെറ്റായ വിവരങ്ങള്‍ നല്‍കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് താനെയിലെ കൊപാരി പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി കേസില്‍ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സമീര്‍ വാങ്കഡെ വാര്‍ത്തകളില്‍ നിറഞ്ഞത്. സമീര്‍ വാങ്കഡെക്കെതിരെ ആരോപണമുയര്‍ന്നതോടെ അന്വേഷണ ചുമതലയില്‍ നിന്ന് സമീര്‍ വാങ്കഡെയെ മാറ്റുകയുണ്ടായി.