ലതാ മങ്കേഷ്‌കറിന്റെ മൃതദേഹത്തിന് മുന്നില്‍ ഷാരൂഖ് ഖാന്‍ പ്രാര്‍ഥിക്കുന്ന ചിത്രം വിവാദമാക്കിയ സംഭവത്തില്‍ പ്രതികരിച്ച് ശിവസേന എം.പി സഞ്ജയ് റാവത്ത്. സോഷ്യല്‍മീഡിയയില്‍ ഷാരൂഖ് ഖാനെ ആക്രമിക്കുന്നത് തികച്ചും അപലപനീയമാണെന്നും ഇതിന് പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും സഞ്ജയ് റാവത്ത് പ്രതികരിച്ചു.
”സോഷ്യല്‍മീഡിയയില്‍ ഒരുകൂട്ടമാളുകള്‍ ഷാരൂഖ് ഖാനെ ആക്രമിക്കുന്നത് തികച്ചും അപലപനീയമാണ്. എന്തൊരു നാണക്കേടാണിത്. ലതാജിയുടെ വിയോഗത്തില്‍ പോലും ചിലയാളുകള്‍ മതരാഷ്ട്രീയം കളിക്കുകയാണ്. ഇതിന് പിറകില്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാം”- സഞ്ജയ് റാവത്ത് പറഞ്ഞു.
മാനേജര്‍ പൂജ ദദ്ലാനിക്കൊപ്പമാണ് ഷാരൂഖ് ചടങ്ങിലെത്തിയത്. ഷാരൂഖ് മുസ്ലിംവിശ്വാസപ്രകാരമുള്ള പ്രാര്‍ഥന (ദുആ) നടത്തുമ്പോള്‍ പൂജ കൈകൂപ്പി പ്രാര്‍ഥിക്കുന്നതായാണ് ചിത്രത്തിലുണ്ടായിരുന്നത്.
ദുആ ചെയ്തശേഷം മുഖാവരണം മാറ്റിയ ഷാരൂഖ് ഖാന്‍ മൃതദേഹത്തില്‍ തുപ്പി എന്ന നിലയ്ക്കുള്ള വിദ്വേഷപ്രചാരണവുമുണ്ടായി. ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് വഴി വിദ്വേഷപ്രചാരണം കൊഴുക്കുകയാണ്.