ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ ഇന്‍ഡിഗോയ്ക്കും എയര്‍ ഇന്ത്യയ്ക്കും പുതിയൊരു എതിരാളി കൂടി എത്തുന്നു. ഉത്തര്‍പ്രദേശ് ആസ്ഥാനമായുള്ള ശംഖ് ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ശംഖ് എയറിന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്റെ ക്ലിയറന്‍സ് കൂടി ലഭിച്ചാല്‍ സര്‍വീസ് ആരംഭിക്കാം.
ആഭ്യന്തര സര്‍വീസുകള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ശംഖ് എയറിന്റെ കടന്നുവരവ്. രാജ്യത്ത് വിമാന സര്‍വീസ് കുറവായതും യാത്രക്കാര്‍ ഏറെയുള്ളതുമായ സ്ഥലങ്ങളിലേക്കായിരിക്കും ആദ്യഘട്ടത്തില്‍ ശംഖ് എയര്‍ സര്‍വീസ് നടത്തുക. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ആദ്യ വിമാന കമ്പനിയുടെ പ്രധാന കേന്ദ്രങ്ങള്‍ നോയിഡയും ലഖ്‌നൗവും ആയിരിക്കും.
ലഖ്‌നൗവില്‍ നിന്നും നോയിഡയില്‍ നിന്നും രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. നിലവില്‍ ഇന്‍ഡിഗോയാണ് ആഭ്യന്തര മാര്‍ക്കറ്റിന്റെ ഭൂരിഭാഗവും സ്വന്തമാക്കിയിട്ടുള്ളത്. ആഭ്യന്തര മാര്‍ക്കറ്റില്‍ ശംഖ് എയര്‍ ഇന്‍ഡിഗോയ്ക്ക് എതിരാളിയാകുമെന്നാണ് വിലയിരുത്തലുകള്‍.
മൂന്ന് വര്‍ഷത്തെ ലൈസന്‍സ് ആണ് നിലവില്‍ കമ്പനിയ്ക്ക് ലഭിച്ചിരിക്കുന്നത്. വ്യവസായിയായ ശര്‍വണ്‍ കുമാര്‍ വിശ്വകര്‍മയാണ് ശംഖ് എയറിന്റെ ചെയര്‍മാന്‍. ശംഖിന്റെ സര്‍വീസ് ആരംഭിക്കുന്നതിനായി വിമാനങ്ങള്‍ സജ്ജമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ നിലവില്‍ പുരോഗമിക്കുകയാണ്.