സരസ്വതി ശില്പത്തില്‍ സാരി ധരിപ്പിച്ചില്ലെന്ന് ആരോപിച്ച് വിവാദത്തിലായി ത്രിപുരയിലെ സര്‍ക്കാര്‍ കോളേജില്‍ സംഘടിപ്പിച്ച സരസ്വതി പൂജ. എബിവിപിയും ബജ്റംഗ് ദളും സംഭവത്തില്‍ പ്രതിഷേധം സംഘടിപ്പിച്ച് രംഗത്തെത്തിയതോടെയാണ് ആഘോഷം വിവാദത്തിലായത്. കോളേജിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച സരസ്വതി ശില്പത്തിനെതിരെയാണ് ആരോപണം ഉയര്‍ന്നത്.
ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പ്രതിഷേധവുമായി വലതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തിയത്. ശില്പത്തില്‍ പരമ്പരാഗത രീതിയില്‍ സാരി ധരിപ്പിക്കാത്തതില്‍ അശ്ലീലം ആരോപിച്ചായിരുന്നു എബിവിപി പ്രതിഷേധം. ഇതിന് പിന്നാലെ ബജ്‌റംഗ ദള്‍ പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
തങ്ങള്‍ മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും പുരാതന ഹിന്ദു ക്ഷേത്രങ്ങളിലെ ശില്പങ്ങള്‍ മാതൃകയാക്കിയാണ് സരസ്വതി ശില്പം തയ്യാറാക്കിയതെന്നും ക്യാമ്പസ് അധികൃതര്‍ വ്യക്തമാക്കി. പ്രതിഷേധത്തെ തുടര്‍ന്ന് സരസ്വതി ശില്പം അധികൃതര്‍ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചു.