ആർ.എസ്.എസ് നേതാവ് സവർക്കർ ബ്രിട്ടീഷ് സർക്കാറിന് മുന്നിൽ മാപ്പ് അപേക്ഷ നൽകിയത് ഗാന്ധിജിയുടെ നിർദ്ദേശ പ്രകാരമായിരുന്നെന്ന് കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗ്. സവർക്കറെ മോചിപ്പിക്കാൻ തങ്ങൾ പ്രചരണം നടത്തുമെന്ന് ഗാന്ധി പറഞ്ഞിരുന്നെന്നും രാജ് നാഥ് സിംഗ് പറഞ്ഞു.
യഥാർത്ഥ ദേശീയവാദിയായിരുന്നെന്നും അദ്ദേഹം എപ്പോഴും വലിയ സ്വാതന്ത്ര്യസമര സേനാനിയായിരിക്കുമെന്നും രാജ്നാഥ് സിംഗ് കൂട്ടിചേർത്തു. ഉദയ് മഹുർക്കർ രചിച്ച വീർ സവർക്കർ; ദി മാൻ ഹു കുഡ് ഹാവ് പ്രിവന്റഡ് പാർട്ടിഷൻ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സവർക്കർ ഒരു ഫാസിസ്റ്റോ നാസിയോ ആയിരുന്നില്ല. അദ്ദേഹം ഒരു യഥാർത്ഥ്യബോധമുള്ളയാളും ഒരു തികഞ്ഞ ദേശീയവാദിയുമായിരുന്നു എന്നാണ് രാജ്നാഥ് സിംഗ് പറഞ്ഞത്. ഇന്ത്യൻ ചരിത്രത്തിലെ മഹാനായ നായകനായിരുന്നു സർവക്കർ. സവർക്കർ രാജ്യത്തിന് വേണ്ടി ചെയ്തതെല്ലാം വാക്കുകളിൽ പ്രതിപാദിക്കാൻ ബുദ്ധിമുട്ടാണ്. ആളുകൾക്ക് പൂർണമായും മനസ്സിലാക്കാൻ കഴിയില്ല. വളരെ കഠിനാധ്വാനത്തിനും ഗവേഷണത്തിനും ശേഷമാണ് ഇത്തരമൊരു പുസ്തകം തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ഈ പുസ്തകം പുറത്ത് വരുന്നതോടെ സവർക്കറെക്കുറിച്ചുള്ള കിംവദന്തികൾ ഇല്ലാതാകുമെന്നും അദ്ദേഹത്തെ മനസ്സിാലക്കാൻ ആളുകൾക്ക് കഴിയുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. വലിയ സ്വാതന്ത്രസമര സേനാനിയായിരുന്ന സവർക്കറെ അപമാനിക്കുന്നത് ക്ഷമിക്കാനാവില്ലെന്നും രണ്ട് തവണ ബ്രിട്ടീഷുകാർ അദ്ദേഹത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത് ചർച്ചയാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.