വി.ഡി സവര്‍ക്കറെ പുകഴ്ത്തി എന്‍സിപി നേതാവ് ശരദ് പവാര്‍. സവര്‍ക്കറെ കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് സവര്‍ക്കറെ പുകഴ്ത്തി ശരദ് പവാര്‍ രംഗത്തെത്തിത്.
ശാസ്ത്രീയ വീക്ഷണമുണ്ടായിരുന്ന പുരോഗമനവാദിയായിരുന്നു സവര്‍ക്കര്‍ എന്നാണ് ശരദ് പവാര്‍ പറയുന്നത്. സവര്‍ക്കറെ കുറിച്ച് താന്‍ മുമ്പ് പറഞ്ഞ അഭിപ്രായങ്ങള്‍ വ്യക്തിപരമായിരുന്നില്ലെന്നും അത് ഹിന്ദു മഹാസഭയെ കുറിച്ചായിരുന്നുവെന്നും പവാര്‍ വ്യക്തമാക്കി.
സവര്‍ക്കര്‍ പുരോഗമന നേതാവണ്, തന്റെ വീടിന് മുന്നില്‍ ഒരു ക്ഷേത്രം നിര്‍മ്മിച്ച് അതിന്റെ ഉത്തരവാദിത്തം വാല്‍മീകി സമുദായക്കാരന് നല്‍കിയിരുന്നു എന്നാണ് പവാര്‍ പറഞ്ഞത്. കഴിഞ്ഞ ആഴ്ച നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ സവര്‍ക്കറെ കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം ചര്‍ച്ചയായിരുന്നു.
സവര്‍ക്കര്‍ ഭീരുവായിരുന്നെന്നും ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞെന്നുമാണ് രാഹുല്‍ ആരോപിച്ചത്. ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയതിന് ശേഷമായിരുന്നു രാഹുലിന്റെ പ്രതികരണം. സവര്‍ക്കര്‍ ദേശീയ പ്രശ്‌നമല്ലെന്നും രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും പവാര്‍ പറഞ്ഞു.