മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന് ഒത്താശ ചെയ്തത് സവർക്കർ, കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ചിട്ടില്ല: തുഷാർ ഗാന്ധി

വിനായക് ദാമോദർ സവർക്കറാണ് മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തിന് ഒത്താശ ചെയ്തത് എന്നും അദ്ദേഹം നിരപരാധിയാണെന്ന് കോടതി പ്രഖ്യാപിച്ചിട്ടില്ലെന്നും മഹാത്മാഗാന്ധിയുടെ ചെറുമകനായ തുഷാർ ഗാന്ധി വെള്ളിയാഴ്ച പറഞ്ഞു. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ നേതാക്കളിൽ ഒരാളായിരുന്ന സവർക്കറിന് ഭാരത രത്‌ന നൽകണമെന്ന മഹാരാഷ്ട്ര ബി.ജെ.പിയുടെ നിർദ്ദേശത്തിന് വിമർശനം ഉന്നയിച്ചുകൊണ്ടാണ് തുഷാർ ഗാന്ധി ഇങ്ങനെ പറഞ്ഞത്.

“ഗാന്ധിയുടെ കൊലപാതകത്തിന്റെ ഒത്താശക്കാരനെ ഭരത് രത്നയ്ക്കായി പരിഗണിക്കപ്പെടുന്ന ഒരു സമയത്ത്, ബാപ്പുവിന്റെ കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ ലക്ഷ്യവും ഗൂഡാലോചനയും മനസിലാക്കേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു” തുഷാർ ഗാന്ധിയെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

കേസിൽ സവർക്കറെ കുറ്റവിമുക്തനാക്കിക്കൊണ്ട് കോടതി പറഞ്ഞു, “സവർക്കറുടെ കുറ്റം സംശയത്തിന് അതീതമായി തെളിയിക്കാൻ മതിയായ തെളിവുകൾ കോടതിക്ക് മുന്നിൽ ഹാജരാക്കിയിട്ടില്ല.” “അതേസമയം സംഘികൾ (രാഷ്ട്രീയ സ്വയംസേവക സംഘവുമായി ബന്ധപ്പെട്ടവർ) സവർക്കർക്ക് ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡ് നൽകുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ … നമ്മൾ ഇത് ഓർക്കണം, ഈ കേസിൽ സവർക്കറെ കുറ്റവിമുക്തനാക്കിയിരിക്കാം, പക്ഷേ കോടതി അദ്ദേഹത്തെ നിരപരാധിയെന്ന് പ്രഖ്യാപിച്ചിട്ടില്ല. ” തുഷാർ ഗാന്ധി പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലായി സമാപിച്ച മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയിൽ മഹാരാഷ്ട്ര ബിജെപി സവർക്കറിന് ഭാരത് രത്‌ന ആവശ്യപ്പെടുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.