വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ ഓര്‍മ്മപ്പെടുത്താന്‍ പുതിയ പദ്ധതിയുമായി എസ്ബിഐ. തിരിച്ചടവ് മുടക്കുന്നവരുടെ വീടുകളിലേക്ക് ഒരു പെട്ടി ചോക്ലേറ്റുമായി എത്തുന്നതാണ് എസ്ബിഐയുടെ പുതിയ പദ്ധതി. കടം വാങ്ങിയവരെ തിരിച്ചടയ്ക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. തിരിച്ചടവ് മുടക്കുന്നവര്‍ക്കുള്ള റിമൈന്റര്‍ കോളിന് മറുപടി നല്‍കാത്തവരുടെ വീടുകളിലെത്തി ചോക്ലേറ്റ് നല്‍കാനാണ് എസ്ബിഐ തീരുമാനം.
തിരിച്ചടവ് മുടക്കുന്നവര്‍ അറിയാതെ അവരുടെ വീടുകളില്‍ പോയി നേരിട്ട് കാണുക എന്നതാണ് ഏറ്റവും നല്ല മാര്‍ഗമെന്ന് ബാങ്ക് പറയുന്നു. പലിശനിരക്ക് ഉയരുമ്പോള്‍ വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുന്നുണ്ട്. നിലവില്‍ പദ്ധതി പ്രാഥമിക ഘട്ടത്തിലാണെന്നും വിജയം കൈവരിച്ചാല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും റിസ്‌ക് മാനേജിംഗ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് അശ്വിനി കുമാര്‍ തിവാരി അറിയിച്ചു.
എസ്ബിഐയുടെ പുതിയ തീരുമാനം റീട്ടെയില്‍ വായ്പകളുമായി ബന്ധപ്പെട്ടാണ്. വായ്പാ തിരിച്ചടവിനെ കുറിച്ച് അറിയിക്കുന്ന ബാങ്കുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ക്ക് ഏറെ പേരും പ്രതികരിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് എസ്ബിഐ പുതിയ പദ്ധതിയ്ക്ക് തുടക്കമിടുന്നത്. എഐ ഉപയോഗിച്ച് തിരിച്ചടവുകള്‍ ഓര്‍മ്മിപ്പിക്കാനുള്ള പുതിയ മാര്‍ഗത്തെ കുറിച്ചും എസ്ബിഐ ആലോചിക്കുന്നുണ്ട്.