തനിക്കെതിരായ വിദ്വേഷ പ്രസംഗ കേസുകളെല്ലാം റദ്ദാക്കണമെന്ന റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫും അവതാരകനുമായ അർണബ് ഗോസ്വാമിയുടെ അപേക്ഷ തള്ളിയ സുപ്രീംകോടതി എഫ്‌ഐആർ ഫയൽ ചെയ്ത് കേസ് അനേഷിക്കാൻ മഹാരാഷ്ട്ര പൊലീസിന് അനുവാദം നൽകി. അതേസമയം ആറ് സംസ്ഥാനങ്ങളിലായി അദ്ദേഹത്തിനെതിരെ ഫയൽ ചെയ്ത മറ്റ് എഫ്ഐആർ കോടതി സ്റ്റേ ചെയ്തു. “ഏപ്രിൽ 21 ലെ ടിവി ഷോ” യുമായി ബന്ധപ്പെട്ട പുതിയ എഫ്‌ഐആറിൽ അന്വേഷണം നടത്തരുതെന്നും കോടതി ഉത്തരവിട്ടു.
അടുത്ത മൂന്നാഴ്ചത്തേക്ക് ഗോസ്വാമിക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കേണ്ടതില്ലെന്നും അതിനാൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിക്കാൻ സമയമുണ്ടെന്നും കോടതി വ്യക്തമാക്കി.
പൽഘർ ആൾക്കൂട്ട കൊലപാതകം സംബന്ധിച്ച് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി “മനഃപൂർവ്വം നിശ്ശബ്ദത” പാലിക്കുന്നുവെന്ന് ഗോസ്വാമി ആരോപണം നടത്തിയതിന് ശേഷം അഞ്ച് സംസ്ഥാനങ്ങളിലായി കോൺഗ്രസ് അംഗങ്ങൾ എഫ്‌ഐആർ ഫയൽ ചെയ്തിരുന്നു. മഹാരാഷ്ട്ര, തെലങ്കാന, ഛത്തിസ്ഗഢ് , മധ്യപ്രദേശ്, കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീർ എന്നിവിടങ്ങളിൽ എഫ്‌ഐആർ ഫയൽ ചെയ്തു.
നാഗ്പൂർ എഫ്‌ഐആർ ഗോസ്വാമി താമസിക്കുന്ന മുംബൈയിലേക്ക് അന്വേഷണത്തിനായി മാറ്റും എന്ന് കോടതി പറഞ്ഞു.