കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കർണാടകയിലെ കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന് ജാമ്യം അനുവദിച്ച ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ആർ എഫ് നരിമാൻ, രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അപേക്ഷ നിരസിച്ചു.
പി ചിദംബരത്തിനെതിരെ നൽകിയ ഹർജിയിൽ നിന്ന് “കോപ്പി പേസ്റ്റ്” ചെയ്താണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹർജി നൽകിയതെന്ന് കോടതി വിലയിരുത്തി. പി ചിദംബരത്തിനെതിരായ നിവേദനത്തിൽ നിന്ന് “കട്ട് കോപ്പി പേസ്റ്റ്” (പകർത്തി ഒട്ടിക്കുക) ചെയ്താണ് ഡി.കെ ശിവകുമാറിന്റെ അപേക്ഷ നൽകിയതെന്ന് തോന്നുന്നു. മുൻ ആഭ്യന്തരമന്ത്രി എന്നാണ് ശിവകുമാറിനെ ഹർജിയിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു പൗരനോട് ഇങ്ങനെയല്ല പെരുമാറേണ്ടത്, ജസ്റ്റിസ് നരിമാൻ അഭിപ്രായപ്പെട്ടു.