ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സേംഗര്‍ പ്രതിയായ ഉന്നാവൊ ബലാത്സംഗ കേസിലെ പരാതിക്കാരി അപകടത്തില്‍ പെട്ട സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സിബിഐയ്ക്ക് സുപ്രീം കോടതി രണ്ടാഴ്ചത്തെ സമയം കൂടി നല്‍കി.
അപകടത്തില്‍ പരിക്കേറ്റ് അതീവ ഗുരുതരവാസ്ഥയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണം പൂര്‍ത്തിയാക്കാന്‍ നാലാഴ്ചത്തെ സമയം വേണമെന്നും സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ അഭിഭാഷകനും ഗുരുതരാവസ്ഥയിലാണെന്ന് സിബിഐ കോടതിയില്‍ പറഞ്ഞു. എന്നാല്‍ കോടതി രണ്ടാഴ്ചത്തെ സമയം മാത്രം നീട്ടി നല്‍കുകയായിരുന്നു. അഭിഭാഷകന്റെ ചികിത്സാ ചെലവിലേക്കായി ഇടക്കാല ആശ്വാസമായി അഞ്ച് ലക്ഷം രൂപ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് നല്‍കാനും കോടതി ഉത്തരവിട്ടു.
ജൂലായ് 28-നാണു പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറില്‍ റായ്ബറേലിയില്‍വെച്ച് ട്രക്കിടിച്ചത്. ബലാത്സംഗക്കേസ് അട്ടിമറിക്കുന്നതിനായി മുന്‍ ബി.ജെ.പി. എം.എല്‍.എ. കുല്‍ദീപ് സിങ് സേംഗറും കൂട്ടാളികളും ആസൂത്രണം ചെയ്തതാണ് അപകടമെന്നാണു പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. തുടര്‍ന്ന് ഇയാളടക്കം പത്തുപേര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി സി.ബി.ഐ. കേസെടുത്തിരുന്നു. അപകടത്തില്‍ ബലാത്സംഗ കേസിലെ സാക്ഷികൂടിയായ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ മരിച്ചിരുന്നു.
ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയേയും അഭിഭാഷകനേയും ലഖ്നൗവിലെ ആശുപത്രിയില്‍ നിന്ന് സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം ഡല്‍ഹി എയിംസിലേക്ക് മാറ്റിയിരുന്നു. ബലാത്സംഗ കേസടക്കം ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റുകയും ചെയ്തു.