എസ്‍സി- എസ്‍ടി ഫണ്ട് പശുക്ഷേമത്തിനും ആരാധനാലയങ്ങള്‍ക്കും വകമാറ്റി; വിവാദത്തിലായി മധ്യപ്രദേശ് സർക്കാർ

പട്ടികജാത, പട്ടികവര്‍ഗ ക്ഷേമത്തിനുള്ള ഫണ്ടുകള്‍ വകമാറ്റി ചെലവഴിച്ച് മധ്യപ്രദേശ്. എസ്‍സി- എസ്‍ടി ക്ഷേമഫണ്ടുകൾ മതപരമായ സ്ഥലങ്ങള്‍, മ്യൂസിയങ്ങള്‍, പശു ക്ഷേമം എന്നിവയ്ക്കായി വകമാറ്റുന്നതായാണ് ആരോപണം. ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോർട്ട് അനുസരിച്ച്, പശു ക്ഷേമത്തിന് (ഗൗ സംവര്‍ധന്‍, പഷി സംവര്‍ധന്‍) 252 കോടി രൂപയില്‍ എസ്സി/എസ്ടി ഉപപദ്ധതിയില്‍ നിന്ന് 95.76 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

മതപരമായ ആറ് സ്ഥലങ്ങളുടെ പുനര്‍വികസനത്തിനായി, നടപ്പ് സാമ്പത്തിക വര്‍ഷങ്ങളില്‍ അനുവദിച്ച പണത്തിന്റെ പകുതിയോളം എസ്‍സി/എസ്‍ടി ഉപപദ്ധതിയില്‍ നിന്നാണ്. ശ്രീദേവി മഹാലോക്, സെഹോറിലെ സല്‍ക്കന്‍പൂര്‍, സന്യാസി ശ്രീ രവിദാസ് മഹലോക്, സാഗര്‍, ശ്രീരാംരാജ മഹാലോക് ഓര്‍ച്ചാ, ശ്രീരാമചന്ദ്ര വനവാസി-മഹാലോക്, ചിത്രകൂട് എന്നിവയ്ക്കും ഗ്വാളിയോറില്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ സ്മാരകത്തിനും വേണ്ടി 109 കോടി രൂപയാണ് സര്‍ക്കാര്‍ ജൂലൈയില്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രഖ്യാപിച്ചത്. പശു ക്ഷേമനിധി കഴിഞ്ഞ വര്‍ഷം 90 കോടി രൂപയില്‍ നിന്ന് വര്‍ധിപ്പിച്ചിരുന്നു.

ഇത് അസാധാരണമാണെങ്കിലും എസ്‍സി, എസ്‍ടി വിഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ക്കും ഈ ചെലവിന്റെ പ്രയോജനം ലഭിക്കുമെന്നതാണ് വസ്തുതയെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംസ്ഥാന ധനമന്ത്രി ജഗദീഷ് ദേവ്ദ ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ തയാറായില്ല.

പട്ടികജാതി/പട്ടികവര്‍ഗ ഉപപദ്ധതിയില്‍ നിന്ന് മറ്റ് പദ്ധതികള്‍ക്കായി പണം വകമാറ്റുന്ന രണ്ടാമത്തെ സംസ്ഥാനമാണ് മധ്യപ്രദേശ്. നേരത്തെ കര്‍ണാടക ഇത്തരത്തിൽ ഫണ്ട് വക മാറ്റി ചെലവഴിച്ചതിന്റെ കണക്കുകൾ പുറത്തുവന്നിരുന്നു. കര്‍ണാടകയുടെ ക്ഷേമ പദ്ധതിക്കായി പട്ടികജാതി/പട്ടികവര്‍ഗ ഉപപദ്ധതിയില്‍ നിന്ന് 14,000 കോടി രൂപ എടുക്കാന്‍ കര്‍ണാടക തീരുമാനിച്ചു. തുടര്‍ന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

Read more