ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരായ ഹൈക്കോടതി വിധിക്ക് സുപ്രീംകോടതിയുടെ സ്റ്റേ. വധശ്രമക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി വിധിയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. കേസിൽ നാലാഴ്ചയ്ക്കകം വിശദമായ വാദം കേൾക്കും. ഇതോടെ ഫൈസലിന് എംപി സ്ഥാനത്ത് തുടരാനാവും.
അന്തരിച്ച കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പിഎം സഈദിന്റെ മരുമകൻ മുഹമ്മദ് സ്വാലിഹിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കുറ്റക്കാരനാണെന്ന വിധിയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. ഹൈക്കോടതി ഉത്തരവിനെതിരെ ഫൈസൽ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് തീരുമാനം. ഇടക്കാല ഉത്തരവ് നൽകരുതെന്ന കേന്ദ്രസർക്കാർ നിർദ്ദേശം കോടതി തള്ളി.
നാലാഴ്ചക്ക് ശേഷം കേസില്‍ വാദം കേള്‍ക്കുമെന്നും ജസ്റ്റിസ് ഹൃഷികേശ് റോയ്, സജ്ജയ് കരോള്‍ എന്നിവരുടെ ബെഞ്ച് അറിയിച്ചു. ഫൈസലിനായി കപിൽ സിബൽ, കെആർ ശശി പ്രഭു എന്നിവരാണ് കോടതിയിൽ ഹാജരായത്. ഈ വർഷം ജനുവരി 11നാണ് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി)യുടെ എംപി ഫൈസലിനും മറ്റ് മൂന്ന് പേർക്കും 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുൻ കേന്ദ്രമന്ത്രി സയീദിന്റെ മരുമകൻ മുഹമ്മദ് സാലിഹിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് കവരത്തി സെഷൻസ് കോടതി തടവ് ശിക്ഷ വിധിച്ചത്.
ശിക്ഷയ്‌ക്കെതിരെ മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ളവർ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. സുപ്രീംകോടതിയിലും ഹൈക്കോടതിയിലുമായി ഈ കേസ് പല തവണ എത്തി. വധശ്രമക്കേസിൽ മുഹമ്മദ് ഫൈസലിന് പത്തു വർഷത്തേക്കാണ് കവരത്തി കോടതി ശിക്ഷ വിധിച്ചത്. ഇതോടെയാണ് ആദ്യം അയോഗ്യനാക്കപ്പെട്ടത്.
Read more
പിന്നീട് എംപി സുപ്രീം കോടതിയെ സമീപിച്ച് ശിക്ഷാ വിധിക്ക് സ്റ്റേ നേടി. ഇതിന് ശേഷം എംപി സ്ഥാനം പുനഃസ്ഥാപിച്ചു. കേസ് പിന്നീട് ഹൈക്കോടതിയുടെ പരിഗണനയിൽ വന്നു. എന്നാൽ ശിക്ഷാവിധി സ്റ്റേ ചെയ്യാൻ ഹൈക്കോടതി തയ്യാറാകാതെ വന്നതോടെ വീണ്ടും അയോഗ്യനായി. പിന്നാലെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.