ഗോരക്ഷകര്‍ കൊല്ലുമെന്ന ഭയം ; മുസ്ലീം കൗണ്‍സിലര്‍ തന്റെ പശുവിനെ പൊലീസിന് കൈമാറി

രാജ്യത്തെ സ്വയം പ്രഖ്യാപിത ഗോസംരക്ഷകര്‍ കൊല്ലുമെന്ന ഭയത്തെ തുടര്‍ന്ന് മീററ്റിലെ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അബ്ദുള്‍ ഗഫാര്‍ തന്റെ പശുവിനെ പൊലീസിന് കൈമാറി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരണഭയം മൂലം ഗഫാര്‍ നൗചാണ്ടി പൊലീസ് സ്റ്റേഷനിലെത്തി തന്റെ പ്രിയപ്പെട്ട പശുവിനെ നല്‍കിയത്.

ഒന്നുകില്‍ ഗോ സംരക്ഷകര്‍ എന്ന വ്യാജേന നടക്കുന്ന അക്രമികള്‍ കൊല്ലും,അല്ലെങ്കില്‍ ആര്‍ എസ് എസുകാര്‍ കള്ളക്കേസുണ്ടാക്കി പൊലീസിനെ കൊണ്ട് ജയിലിലടപ്പിക്കും, ഇതാണ് ഉത്തരേന്ത്യയില്‍ പശുവിനെ വളര്‍ത്തുന്നവരുടെ അവസ്ഥ. സ്വയം സുരക്ഷിതനല്ലെന്ന തോന്നലാണ് സ്വന്തം പശുവിനെ പൊലീസിനെ ഏല്‍പ്പിക്കാന്‍ പ്രേരിപ്പിച്ചതെന്ന് അബ്ദുള്‍ ഗഫാര്‍ പൊലീസിനോട് പറഞ്ഞു. കുടുംബാംഗങ്ങളും നാട്ടുകാരും ഗഫാറിനൊപ്പം പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു.

രാജ്യത്ത് ഗോരക്ഷകരുടെ അക്രമത്തിനിരായായി കൊല്ലപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതിനാലാണ് വളര്‍ത്തുപശുവിനെ പൊലീസിന് തന്നെ ഏല്‍പ്പിക്കാം എന്ന തീരുമാനത്തിലെത്തുന്നത്. പശുവിനെ കൈമാറിയതിന്റെ രസീത് പൊലീസ് സ്റ്റേഷനില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നും ഗഫാര്‍ പറയുന്നു. കൂടാതെ തന്റെ സംഘടനയുടെയോ, മറ്റാരുടെയോ നിര്‍ബന്ധത്തിന് വഴങ്ങിയല്ല, സ്വന്തം തീരുമാനത്തിലാണ് പശുവിനെ കൈമാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പശുവിനെ നോക്കാന്‍ താത്പര്യമുള്ള മറ്റാര്‍ക്കെങ്കിലുമോ, സംഘടനയ്‌ക്കോ നല്‍കണമെന്ന ഉറപ്പിന്മേലാണ് ഇദ്ദേഹം പശുവിനെ പൊലീസിന് നല്‍കിയിരിക്കുന്നത്. എന്നാല്‍ മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ ഗഫാറിന്റെ പശുവിനെ അദ്ദേഹത്തിന് തന്നെ തിരിച്ചുനല്‍കുമെന്ന നിലപാടിലാണ് പൊലീസ്.