ശാസ്ത്രവും സാങ്കേതിക വിദ്യയും ഉള്‍ക്കൊള്ളണം; അല്ലാത്തപക്ഷം നൂറുതവണ പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചാലും ഫലമില്ലെന്ന് നിതിന്‍ ഗഡ്കരി

ശാസ്ത്രവും സാങ്കേതിക വിദ്യയും ഉള്‍ക്കൊള്ളുന്നില്ലെങ്കില്‍ നൂറുതവണ പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചാലും കാര്യമില്ലെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. മുസ്ലീം സമുദായം വിദ്യാഭ്യാസത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. വികസനത്തിന്റെയും സാമൂഹ്യ പുരോഗതിയുടെയും ആണിക്കല്ല് വിദ്യാഭ്യാസമാണെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു.

നാഗ്പൂരില്‍ സെന്‍ട്രല്‍ ഇന്ത്യ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നിതിന്‍ ഗഡ്കരി.
ദൗര്‍ഭാഗ്യവശാല്‍ ചായക്കട, പാന്‍ ഷോപ്പ്, സ്‌ക്രാപ്പ് ബിസിനസ്, ട്രക്ക് ഡ്രൈവിങ്, ക്ലീനിങ് തുടങ്ങിയ ജോലികള്‍ ചെയ്യുന്നതിനാണ് മുസ്ലീം സമുദായം പ്രാധാന്യം നല്‍കുന്നതെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.

മതം, ജാതി, ഭാഷ, ലിംഗം തുടങ്ങി ഒന്നിന്റെയും പേരില്‍ ആരോടും വിവേചനം കാണിക്കരുതെന്നും ഗഡ്കരി പറഞ്ഞു. ജാതി പറയുന്നത് ആരായാലും താന്‍ ശക്തമായി എതിര്‍ക്കും. ജാതിയുടെയോ മതത്തിന്റെയോ ഭാഷയുടെയോ വംശത്തിന്റെയോ പേരില്‍ ആരും വലുതാവുന്നില്ല. അവരുടെ അറിവിനും യോഗ്യതക്കുമാണ് പ്രാധാന്യമെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി.

സമുദായത്തില്‍ നിന്ന് എന്‍ജിനീയര്‍മാരും ഡോക്ടര്‍മാരും ഐഎഎസ്, ഐപിഎസ് ഓഫീസര്‍മാരും ഉണ്ടായാല്‍ മാത്രമേ സമൂഹത്തില്‍ പുരോഗതി ഉണ്ടാവുകയുള്ളൂവെന്നും നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടു.