മോശം പഠനത്തിൻ്റെ പേരിൽ നിരന്തരം ശകാരിച്ചതിനെ തുടർന്ന് അമ്മയെയും അനുജനെയും കൊലപ്പെടുത്തി കോളജ് വിദ്യാർത്ഥി. രാത്രി ഉറങ്ങുകയായിരുന്ന അമ്മ പത്മയെയും (45), സഹോദരൻ പത്താം ക്ലാസ് വിദ്യാർഥി സഞ്ജയിനെയും (15) കൊലപ്പെടുത്തുകയായിരുന്നു. ചെന്നൈ തിരുവൊട്ടിയൂരിലെ മൂന്നാം വർഷ ബിഎസ്‌സി വിദ്യാർഥിയായ നിതേഷ് (20) ആണ് ഈ ക്രൂരകൃത്യം ചെയ്തത്.
താനാണ് കൊല ചെയ്തതെന്ന് നിതേഷ് പൊലീസിനോട് സമ്മതിച്ചു. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് മൃതദേഹങ്ങൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. തനിക്ക് അമ്മയോട് പകയുണ്ടായിരുന്നുവെന്നും എന്നാൽ അമ്മയുടെ മരണശേഷം സഹോദരൻ ഒറ്റപ്പെടുമെന്ന ആശങ്കയിലാണ് ഇരുവരെയും കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും നിതേഷ് പൊലീസിനോട് പറഞ്ഞു.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത് നടന്നത്. അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ നിതേഷ് ഉടൻ തന്നെ വീട്ടിൽ നിന്ന് ഇറങ്ങി. അടുത്ത ദിവസം ബന്ധുവായ മഹാലക്ഷ്മിക്ക് കൊല ചെയ്തതിനെപ്പറ്റി മെസ്സേജ് അയക്കുകയായിരുന്നു. അവരോട് വീട് പരിശോധിക്കാനും നിതേഷ് പറഞ്ഞു.
എന്നാൽ ഒരു ദിവസം കഴിഞ്ഞാണ് മഹാലക്ഷ്മി സന്ദേശം കണ്ടത്. ശനിയാഴ്ച വീട്ടിൽ ചെന്നപ്പോൾ ദുർഗന്ധം വമിക്കുന്ന മൃതദേഹങ്ങൾ കാണുകയും ഉടൻ പോലീസിൽ അറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പോലീസ് മുറിയിലാകെ രക്തക്കറകളുള്ള മൃതദേഹത്തിന് സമീപത്ത് നിന്ന് കുറ്റകൃത്യത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തി. തുടർന്ന് നിതേഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.