കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായി തിരച്ചില്‍ പുനരാരംഭിക്കുന്നതിൽ തീരുമാനം ചൊവ്വാഴ്ച. നിലവിൽ ഒഴുക്ക് 5.4 നോട്ട് വേഗത്തിലെന്ന് ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ അറിയിച്ചു. ഈ വേഗതയിൽ തെരച്ചിൽ സാധ്യമല്ലെന്നും കളക്ടർ പറഞ്ഞു.
അടുത്ത ഒരാഴ്‌ച കാലാവസ്ഥ അനുകൂലമെന്നും കളക്ടർ പറഞ്ഞു. പുഴയിലെ ഒഴുക്കിൻ്റെ വേഗം 3.5 നോട്ട് എത്തിയാൽ തെരച്ചിൽ തുടരുമെന്നും കളക്ടർ അറിയിച്ചു. അതേസമയം നേരത്തെ ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറയുന്നതായി കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതിനെ തുടര്‍ന്നാണ് രണ്ട് ദിവസത്തിനകം തിരച്ചില്‍ തുടങ്ങാന്‍ തീരുമാനമായിരുന്നു.
രണ്ട് ദിവസത്തിനുള്ളില്‍ പുഴയുടെ ഒഴുക്കിന്റെ ശക്തി കുറഞ്ഞാല്‍ തിരച്ചില്‍ നടത്താന്‍ സാധിക്കുമെന്ന് എകെഎം അഷ്റഫ് എംഎല്‍എ പറഞ്ഞിരുന്നു. കൊച്ചിയിലെ നാവികസേന ആസ്ഥാനത്തെ ഉദ്യോഗസ്ഥരും കാര്‍വാര്‍ നാവികസേന ആസ്ഥാനത്തെ ഉദ്യോഗസ്ഥരും തമ്മില്‍ സംസാരിച്ച് തിരച്ചില്‍ രീതി ആലോചിക്കാമെന്നും പുഴയിലെ ഒഴുക്ക് കുറയുന്നതിന് അനുസരിച്ച് രണ്ട് ദിവസത്തില്‍ തീരുമാനം എടുക്കാമെന്ന് ഉറപ്പ് കിട്ടിയെന്നും എകെഎം അഷ്റഫ് എംഎല്‍എ വ്യക്തമാക്കിയിരുന്നു.