മാധബിയുടെ കീഴില്‍ ജോലി ചെയ്യുക സാധ്യമല്ല; തൊഴില്‍ അന്തരീക്ഷം വളരെ മോശം; കൂടെ ഭീഷണിയും; സെബി ആസ്ഥാനത്തിന് മുന്നില്‍ ജീവനക്കാരുടെ പ്രതിഷേധം

സെബി(സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)മേധാവി മാധബി പുരി ബുച്ചിനെതിരെ ജീവനക്കാര്‍. മാധബി പുരിയുടെ കീഴില്‍ ജോലി ചെയ്യുക സാധ്യമല്ലെന്നും
തൊഴില്‍ അന്തരീക്ഷം വളരെ മോശമെന്നും കാണിച്ച് ജീവനക്കാര്‍ കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന് പരാതി നല്‍കി. ജീവനക്കാര്‍ക്കുനേരെ സെബി ഉന്നതര്‍ ഭീഷണിപ്പെടുത്തുന്ന പരുഷവാക്കുകള്‍ ഉപയോഗിക്കുന്നു. കൂടുതല്‍ ജോലിഭാരം അടിച്ചേല്‍പിക്കുന്നു, ചെറിയ ജോലികളില്‍വരെ പ്രമുഖര്‍ നേരിട്ട് ഇടപെട്ട് വഷളാക്കുന്നുവെന്ന പരാതികളാണ് ജീവനക്കാര്‍ നല്‍കിയിരിക്കുന്നത്. ഓരോ മിനിറ്റിലും ജീവനക്കാരുടെ ചലനങ്ങള്‍ ക്യാമറയിലൂടെ നിരീക്ഷിക്കുന്നു. ഭയമാണ് സ്ഥാപനത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. ആഗസ്ത് ആറിനാണ് ജീവനക്കാര്‍ പരാതി നല്‍കിയത്.

ജീവനക്കാര്‍ റോബോട്ടുകളല്ല, സ്വിച്ചിട്ടാല്‍ വര്‍ധിപ്പിക്കാന്‍ കഴിയുന്നതല്ല തൊഴില്‍ശേഷി. അട്ടഹസിക്കുക, മറ്റുള്ളവരുടെ മുന്നില്‍വച്ച് ആക്ഷേപിക്കുക എന്നിവ പതിവാണ്. മുതിര്‍ന്ന ജീവനക്കാര്‍ പ്രതികാര നടപടികള്‍ ഭയന്ന് നിശബ്ദമായി സഹിക്കുകയാണെന്ന് അഞ്ച് പേജ് വരുന്ന പരാതി കത്തില്‍ പറഞ്ഞു. മാധബിയുടെ രാജി ആവശ്യപ്പെട്ട് സെബി ജീവനക്കാര്‍ ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധിച്ചു.

അതേസമയം, സെബിയുടെ ചുമതലയേറ്റശേഷം മാധബി പുരി ബുച്ചിന് ഐസിഐസിഐ ബാങ്കില്‍നിന്ന് 16.80 കോടി രൂപ പ്രതിഫലം ലഭിച്ചെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. 2017 മുതല്‍ മാധബി ബുച്ചിന് ഐസിഐസിയില്‍നിന്ന് പണം കിട്ടുന്നുണ്ടെന്നും ഇക്കാലയളവില്‍ സെബിയില്‍നിന്ന് അവര്‍ക്ക് ലഭിച്ചതിന്റെ അഞ്ചിരട്ടിയാണ് ഈ തുകയെന്നും കോണ്‍ഗ്രസ് നേതാവ് പവന്‍ഖേര ആരോപിച്ചു. എന്നാല്‍ മാധബിക്ക് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ അല്ലാതെ മറ്റൊന്നും നല്‍കിയിട്ടില്ലെന്ന് ഐസിഐസിഐ ബാങ്ക് നിഷേധക്കുറിപ്പില്‍ പറഞ്ഞു.

സെബിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മറ്റേതെങ്കിലും സ്ഥാപനത്തില്‍നിന്ന് പ്രതിഫലം വാങ്ങുന്നത് സേവന ചട്ടങ്ങള്‍ക്ക് എതിരും ഭിന്നതാല്‍പര്യവുമാണെന്ന് പവന്‍ ഖേര പറഞ്ഞു. 2017 മുതല്‍ 2021 വരെ സെബിയില്‍ പൂര്‍ണസമയ ഡയറക്ടര്‍ ആയിരുന്നപ്പോള്‍ മാധബിക്ക് ഐസിഐസിഐ ബാങ്കില്‍നിന്ന് ശമ്പളമായി 12.63 കോടി രൂപ ലഭിച്ചു. 2017- 2014ല്‍ ഐസിഐസിഐ പ്രൂഡന്‍ഷ്യലില്‍നിന്ന് ഇവര്‍ക്ക് 22. 41 ലക്ഷം രൂപയും കിട്ടി. 2021-2023ല്‍ മാധബിക്ക് ഐസിഐസിഐ ബാങ്കിന്റെ 2.84 കോടി രൂപയുടെ ഓഹരികള്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന ആനുകൂല്യഇനത്തില്‍ കൈമാറി. ഇതിന്റെ ടിഡിഎസ്(തൊഴിലുടമ ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് ഈടാക്കി അടയ്ക്കുന്ന ആദായ നികുതി) ആയ 1.10 കോടി രൂപയും ബാങ്കാണ് അടച്ചത്. ഈ നടപടി ഗുരുതര ചട്ട ലംഘനമാണ്.