ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. അഞ്ചുഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. രാവിലെ ഏഴ് മുതൽ വൈകുന്നേരം അഞ്ചു വരെയാണ് ജംഷേദ്പുർ ഈസ്റ്റ്, വെസ്റ്റ് മണ്ഡലങ്ങളിലെ പോളിംഗ് സമയം. മറ്റിടങ്ങളിൽ മൂന്നു മണിക്ക് അവസാനിക്കും. തിരഞ്ഞെടുപ്പ് സുഗമമാക്കാൻ കേന്ദ്ര സേനയുൾപ്പെടെ 42,000 സുരക്ഷാ ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്.
ഏഴ് ജില്ലകളിലെ 20 മണ്ഡലങ്ങളിലാണ് ശനിയാഴ്ച തിരഞ്ഞെടുപ്പ്. 47,24,968 വോട്ടർമാരാകും 260 സ്ഥാനാർത്ഥികളുടെ വിധി നിർണയിക്കുക. സ്ഥാനാർത്ഥികളിൽ 29 പേർ വനിതകളാണ്.
മുഖ്യമന്ത്രി രഘുബർദാസ് മത്സരിക്കുന്ന ജംഷേദ്പുർ ഈസ്റ്റിലാണ് ശ്രദ്ധേയ മത്സരം. മന്ത്രിസഭയിലെ സഹപ്രവർത്തകൻ സ്വതന്ത്രനായി മത്സരിക്കുന്ന സരയു റോയി ആണ് പ്രധാന എതിരാളി. സ്പീക്കർ ദിനേഷ് ഒറാവ് ബി.ജെ.പി.ടിക്കറ്റിൽ സിസയിലും ഗ്രാമവികസനമന്ത്രി നീൽകണ്ഡ് സിംഗ് മുണ്ട ഖുംടിയിലും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് ലക്ഷ്മൺ ഗിലുവ ചക്രധാർപൂരിലും ജനവിധി തേടുന്നു.
രണ്ടാം ഘട്ടത്തിലെ മുഴുവൻ സീറ്റിലും ബി.ജെ.പി. മത്സരിക്കുന്നുണ്ട്. എതിരാളികളായ ജെ.എം.എം. 14 സീറ്റിലും സഖ്യകക്ഷിയായ കോൺഗ്രസ് ആറിടത്തും മത്സരിക്കുന്നു. സി.പി.ഐ. രണ്ടു സീറ്റുകളിലും സി.പി.എം. ഒരിടത്തും മത്സരിക്കുന്നു. 20-നാണ് അഞ്ചാമത്തെയും അവസാനത്തെയും ഘട്ടം. 23-ന് വോട്ടെണ്ണും.