കോവിഡ് രണ്ടാം തരംഗം കാരണം 1 കോടിയിലധികം ഇന്ത്യക്കാർക്ക് ജോലി നഷ്‌ടപ്പെട്ടു, കഴിഞ്ഞ വർഷം പകർച്ചവ്യാധി ആരംഭിച്ചതിനു ശേഷം 97 ശതമാനം കുടുംബങ്ങളുടെയും വരുമാനം കുറഞ്ഞു, സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ) ചീഫ് എക്സിക്യൂട്ടീവ് മഹേഷ് വ്യാസ് തിങ്കളാഴ്ച പറഞ്ഞു.
തൊഴിലില്ലായ്മ നിരക്ക് മെയ് അവസാനത്തോടെ 12 ശതമാനമായിരിക്കുമെന്നാണ് കണക്കാക്കുന്നത്. ഏപ്രിലിൽ ഇത് എട്ട് ശതമാനമായിരുന്നു എന്ന് മഹേഷ് വ്യാസ് വാർത്താ ഏജൻസി പി.ടി.ഐയോട് പറഞ്ഞു. ഇത് സൂചിപ്പിക്കുന്നത് ഈ കാലയളവിൽ 10 ദശലക്ഷം അല്ലെങ്കിൽ ഒരു കോടി ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടു എന്നാണ്.
കോവിഡ്-19 പകർച്ചവ്യാധിയുടെ രണ്ടാം തരംഗമാണ് തൊഴിൽ നഷ്‌ടത്തിന്റെ പ്രധാന കാരണം എന്ന് മഹേഷ് വ്യാസ് പറഞ്ഞു. സമ്പദ്‌വ്യവസ്ഥ പുനരാരംഭിക്കുമ്പോൾ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കപ്പെടും എന്നാൽ പൂർണമായും മാറില്ല എന്നും മഹേഷ് വ്യാസ് പറഞ്ഞു.
ജോലി നഷ്ടപ്പെടുന്ന ആളുകൾക്ക് വീണ്ടും തൊഴിൽ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചു, അനൗപചാരിക മേഖലയിലെ ജോലികൾ വേഗത്തിൽ തിരിച്ചു കിട്ടുമ്പോൾ ഔപചാരിക മേഖലയിലും മികച്ച നിലവാരമുള്ള തൊഴിലവസരങ്ങളും തിരികെ ലഭിക്കാൻ ഒരു വർഷം വരെ എടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ദേശീയ ലോക്ക്ഡൗൺ കാരണം 2020 മെയ് മാസത്തിൽ തൊഴിലില്ലായ്മ നിരക്ക് 23.5 ശതമാനത്തിലെത്തിയിരുന്നു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം 3-4 ശതമാനം തൊഴിലില്ലായ്മാ നിരക്ക് “സാധാരണ” ആയി കണക്കാക്കാമെന്ന് വ്യാസ് പറഞ്ഞു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന് മുമ്പ് തൊഴിലില്ലായ്മ നിരക്ക് ഇനിയും കൂടുമെന്ന് അദ്ദേഹം സൂചന നൽകി.
സിഎംഐഇ രാജ്യവ്യാപകമായി 1.75 ലക്ഷം വീടുകളിൽ നടത്തിയ സർവേ ഏപ്രിൽ മാസത്തിൽ പൂർത്തിയാക്കിയിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ വരുമാനത്തിന്റെ കാര്യത്തിൽ ആശങ്കയുണ്ടാക്കുന്ന പ്രവണതകളാണ് രണ്ട് കോവിഡ് തരംഗങ്ങങ്ങളും സൃഷ്ടിച്ചത് എന്നാണ് ഈ സർവേയിൽ നിന്നും മനസ്സിലാകുന്നത്. സർവേയിൽ അഭിപ്രായം രേഖപ്പെടുത്തിയവരിൽ 3 ശതമാനം പേർ മാത്രമാണ് വരുമാനം വർദ്ധിച്ചു എന്ന് പറഞ്ഞത്, 55 ശതമാനം പേർ തങ്ങളുടെ വരുമാനം കുറഞ്ഞുവെന്നാണ് പറഞ്ഞത്.
Read more
42 ശതമാനം ആളുകൾ തങ്ങളുടെ വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അതേപടി തുടരുകയാണെന്ന് അഭിപ്രായപ്പെട്ടു. വിപണിയിലെ തൊഴിൽ പങ്കാളിത്ത നിരക്ക് (working age population percentage) 40 ശതമാനമായി കുറഞ്ഞു. പകർച്ചവ്യാധിക്ക് മുമ്പ് ഇത് 42.5 ശതമാനമായിരുന്നു.