പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനത്തില്‍ സുരക്ഷാവീഴ്ച; കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് റോഡില്‍ കുടുങ്ങിയത് ഇരുപത് മിനിറ്റ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ സുരക്ഷാവീഴ്ച. ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്ക് പോകുന്നതിന് ഇടയിലാണ് സുരക്ഷാവീഴ്ച. സ്മാരകത്തിലേക്ക് പോകുന്നതിനിടെ പ്രതിഷേധവുമായി കര്‍ഷകര്‍ റോഡ് ഉപരോധിക്കുകയായിരുന്നു. 20 മിനിറ്റോളം നേരം പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫ്ളൈഓവറില്‍ കുടുങ്ങി കിടന്നു. രക്ത സാക്ഷി സ്മാരകത്തിന് 30 കിലോമീറ്റര്‍ അകലെ വെച്ചായിരുന്നു പ്രതിഷേധം.

കര്‍ഷകരുടെ പ്രതിഷേധത്തെ മൂലം യാത്ര തടസ്സപ്പെട്ടതിനെ തുടര്‍ന്ന് പ്രധാനമന്ത്രി ഫിറോസ്പുരിലെ സമ്മേളന പരിപാടി റദ്ദാക്കി തിരിച്ച് മടങ്ങി. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പഞ്ചാബ് സര്‍ക്കാരിനോട് വിശദീകരണം തേടി. സുരക്ഷാക്രമീകരണത്തില്‍ ഗുരുതര വീഴ്ചയാണ് ഉണ്ടായത്. പഞ്ചാബ് സര്‍ക്കാരിനോട് പ്രധാനമന്ത്രിയുടെ യാത്രാവിവരം പങ്കുവെച്ചിട്ടും സുരക്ഷയൊരുക്കാന്‍ സാധിച്ചില്ലെന്നും ആഭ്യന്തര മന്ത്രാലയം ആരോപിച്ചു. ഹുസൈനിവാലയിലേക്ക് ഹെലികോപ്റ്ററില്‍ പോകാനാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന യാത്ര റോഡ് മാര്‍ഗമാക്കുകയായിരുന്നു.

സമരത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബത്തിന് ഒരു കോടി രൂപവീതം സഹായധനം നല്‍കുക, അറസ്റ്റിലായ കര്‍ഷകരെ മോചിപ്പിക്കുക, ലഖിംപുര്‍ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. പഞ്ചാബില്‍ എത്തുന്ന പ്രധാനമന്ത്രിയെ തടയുമെന്ന് കര്‍ഷക സംഘടനകള്‍ നേരത്തെ പറഞ്ഞിരുന്നു. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി പഞ്ചാബില്‍ എത്തിയത്.