ഛത്തീസ്ഗഡ്- ഒഡീഷ അതിർത്തിയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 16 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ ഗാരിയബന്ദ് ജില്ലയിൽ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ തലയ്ക്ക് ഒരു കോടി പാരിതോഷികം പ്രഖ്യാപിച്ച ജയറാം എന്ന ഛലപതിയും ഉൾപ്പെടുന്നു.
ഛത്തീസ്ഗഡ്- ഒഡീഷ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മെയിൻപൂർ പോലീസ് സ്റ്റേഷന് കീഴിലുള്ള വനമേഖലയിൽ തിങ്കളാഴ്ച രാത്രി വൈകിയും ചൊവ്വാഴ്ച രാവിലെയും പുതിയ വെടിവയ്പ്പ് നടന്നതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ജില്ലാ റിസർവ് ഗാർഡ് (ഡിആർജി), സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്), ഛത്തീസ്ഗഡിൽ നിന്നുള്ള കോബ്ര, ഒഡീഷയിൽ നിന്നുള്ള സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്ഒജി) എന്നിവയിൽ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘമാണ് ഓപ്പറേഷനിൽ പങ്കെടുക്കുന്നത്.
തിങ്കളാഴ്ച രാവിലെ ഛത്തീസ്ഗഡിലെ ഗരിയാബന്ദ് ജില്ലയിൽ സുരക്ഷാ സേനയും നക്‌സലൈറ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് വനിതാ നക്‌സലൈറ്റുകൾ കൊല്ലപ്പെടുകയും സിആർപിഎഫിൻ്റെ എലൈറ്റ് കമാൻഡോ ബറ്റാലിയനിലെ ഒരു ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ നക്‌സൽ വിരുദ്ധ ഓപ്പറേഷനിൽ ഛത്തീസ്ഗഡ്- ഒഡീഷ അതിർത്തിയിലെ ഫിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉൾവനത്തിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ഗാരിയബന്ദ് പോലീസ് സൂപ്രണ്ട് നിഖിൽ രഖേച്ച പറഞ്ഞു.