ഛത്തീസ്ഗഢില്‍ സുരക്ഷസേന-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; മൂന്ന് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷസേന

ഛത്തീസ്ഗഢിലെ ബീജാപൂരില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷസേന മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. ഇന്ദ്രാവതി ദേശീയ ഉദ്യാനത്തിന് സമീപമാണ് സുരക്ഷസേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

മരിച്ച മാവോയിസ്റ്റുകളെല്ലാം യൂണിഫോം ധരിച്ചിരുന്നതായി ബീജാപൂര്‍ പൊലീസ് പറയുന്നു. എന്നാല്‍ മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സുരക്ഷ സേന മേഖലയില്‍ പരിശോധന തുടരുന്നുണ്ട്. ഇന്ദ്രാവതി ദേശീയ ഉദ്യാനത്തിന്റെ നിബിഡ വനമേഖലയിലെ മാവോയിസ്റ്റ് പ്രവര്‍ത്തനത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ ആരംഭിച്ചത്.

ശനിയാഴ്ച നടന്ന സ്‌ഫോടനത്തെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സ്‌ഫോടനത്തെ തുടര്‍ന്ന് ഇന്നലെ സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ് ജവാന് പരിക്കേറ്റിരുന്നു. പരിക്കേറ്റ ജവാനെ ചികിത്സയ്ക്കായി ബിജാപൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സിആര്‍പിഎഫിന്റെ 196 ബറ്റാലിയനില്‍ നിന്നുള്ള സംഘമാണ് ഓപ്പറേഷനില്‍ ഉണ്ടായിരുന്നത്.