ഓടയില്‍ പെണ്‍കുട്ടികളുടെ മൃതദേഹാവശിഷ്ടവും അസ്ഥികൂടങ്ങളും, രാജ്യത്തെ ഞെട്ടിച്ച നിഥാരി കൊലപാതക പരമ്പര; 17 വര്‍ഷത്തിനിപ്പുറം വധശിക്ഷയ്ക്ക് വിധിച്ച പ്രതികളെ കുറ്റവിമുക്തരാക്കി അലഹബാദ് ഹൈക്കോടതി

രാജ്യത്തെ ഞെട്ടിച്ച നോയിഡയിലെ നിഥാരി കൊലപാതക പരമ്പരക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുഖ്യപ്രതി സുരീന്ദര്‍ കോലിയെ അലഹബാദ് ഹൈക്കോടതി കുറ്റവിമുക്തനാക്കി. വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ച 12 കേസുകളിലാണ് കോലിയെ അലഹബാദ് ഹൈക്കോടതി വെറുതെവിട്ടത്. കേസിലെ കൂട്ടുപ്രതിയായ മൊനീന്ദര്‍ സിങ് പാന്ഥറിനെ രണ്ട് കേസുകളിലും കുറ്റവിമുക്തനാക്കി. ക്രൂരവും നിഷ്ടൂരവമായ കൊലപാതക പരമ്പരയിലെ മുഖ്യപ്രതികളായ രണ്ട് പേരേയും വിചാരണ കോടതി വധശിക്ഷയ്ക്കായിരുന്നു വിധിച്ചത്. എന്നാല്‍ 17 വര്‍ഷങ്ങള്‍ക്കിപ്പുറം അലഹബാദ് ഹൈക്കോടതി ഇരുവരേയും കുറ്റവിമുക്തരാക്കിയതോടെ വധശിക്ഷ റദ്ദായി.

ജസ്റ്റിസുമാരായ അശ്വനി കുമാര്‍ മിശ്ര, സയ്യിദ് അഫ്താബ് ഹുസൈന്‍ റിസ്വി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇരുവരെയും തെളിവുകളുടെ അഭാവത്തിലാണ് അലഹബാദ് ഹൈക്കോടതി വെറുതെ വിട്ടത്.

2005 മുതല്‍ 2006 വരെയുള്ള കാലയളവില്‍ ഉത്തര്‍പ്രദേശിലെ നോയിഡയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹങ്ങള്‍ അഴുക്കുചാലില്‍ മറവ് ചെയ്ത ക്രൂരമായ കൊലപാതക പരമ്പരയാണ് നിഥാരി കൂട്ടക്കൊല. 2006 ഡിസംബറില്‍ നിഥാരിയിലെ അഴുക്കുചാലില്‍നിന്ന് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയതോടെയാണ് രാജ്യം ഞെട്ടിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ സീരിയല്‍ കില്ലിംഗ് ലോകമറിഞ്ഞത്.

നോയിഡയിലെ മൊനീന്ദര്‍ സിങ് പാന്ഥറിന്റെ വീട്ടിലാണ് രാജ്യത്തെ ഞെട്ടിച്ച കൊലപാതക പരമ്പര നടന്നത്. പാന്ഥറിന്റെ വീട്ടില്‍ സഹായിയായി ജോലി നോക്കിയിരുന്ന സുരീന്ദര്‍ കോലി കുട്ടികളെ മിഠായിയും ചോക്ലേറ്റും നല്‍കി വീട്ടിലേക്ക് കൊണ്ടുവന്ന് ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതായാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. കുട്ടികളുടെ മൃതദേഹത്തോടും ഇയാള്‍ ലൈംഗികാതിക്രമം നടത്തിയതായും പൊലീസ് കണ്ടെത്തിയിരുന്നു. കോലിയുടെ തൊഴിലുടമയായ മൊനീന്ദര്‍ സിങ് പാന്ഥര്‍ക്കും കൃത്യത്തില്‍ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളും പിടിയിലായി.

കൃത്യം നടത്തിയ ശേഷം മൃതദേഹാവശിഷ്ടങ്ങളും അസ്ഥികളും വീടിന് പിറകിലെ കുഴിയിലാണ് പ്രതികള്‍ ഉപേക്ഷിച്ചിരുന്നത്. നിഥാരി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് 16 കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കൊലപാതകം, ബലാത്സംഗം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തത്. 2006 ഡിസംബര്‍ 29 ന് നോയിഡയിലെ നിഥാരിയിലെ പാന്ഥേറിന്റെ വീടിനു പിന്നിലെ അഴുക്കുചാലില്‍ നിന്ന് എട്ട് കുട്ടികളുടെ അസ്ഥികൂടം കണ്ടെത്തി. പന്ഥേറിന്റെ വീടിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ കുഴികളും അഴുക്കുചാലുകളും പരിശോധിച്ചപ്പോള്‍ കൂടുതല്‍ അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഈ അവശിഷ്ടങ്ങളില്‍ ഭൂരിഭാഗവും പ്രദേശത്ത് നിന്ന് കാണാതായ പാവപ്പെട്ട കുട്ടികളുടെയും യുവതികളുടെയും ശരീര അവശിഷ്ടങ്ങളായിരുന്നു. 19 പേരുടെ മൃതദേഹാവശിഷ്ടങ്ങളാണ് നിഥാരിയില്‍ കണ്ടെടുത്തത്. അതില്‍ 24 വയസുകാരിയായ വീട്ടുജോലിക്കാരിയായ യുവതിയും ഉണ്ടായിരുന്നു. കൂട്ടക്കൊലക്കേസില്‍ പ്രതികള്‍ക്ക് വിചാരണകോടതി വധശിക്ഷയും വിധിച്ചു. എന്നാല്‍ 17 വര്‍ഷങ്ങള്‍ക്കിപ്പുറം ഇരുവരേയും അലഹബാദ് ഹൈക്കോടതി കുറ്റവിമുക്തരാക്കുകയാണ്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്