കള്ളപ്പണക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍ നിന്നും നീക്കിയേക്കു. ഇതു സംബന്ധിച്ചുള്ള അന്തിമ തീരുമാനം അടുത്തയാഴ്ച്ച മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രഖ്യാപിക്കും. മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശം തത്വത്തില്‍ സര്‍ക്കാരിന് അനുകൂലമാണെങ്കിലും ഉത്തരവിനുള്ളിലെ പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രിയെ കുത്തി നോവിക്കുന്നതാണ്. കള്ളപ്പണക്കേസില്‍ ജൂണ്‍ 13-ന് അറസ്റ്റിലായ ബാലാജി ഇപ്പോള്‍ പുഴല്‍ സെന്‍ട്രല്‍ ജയിലിലാണുള്ളത്.
മന്ത്രി പദവി നീക്കുന്നതില്‍ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് വ്യക്തമാക്കിയ കോടതി അദ്ദേഹം മന്ത്രിയായി തുടരുന്നത് സംശുദ്ധ ഭരണസംവിധാനത്തിന് ചേര്‍ന്നതല്ലെന്ന് വ്യക്തമാക്കിരുന്നു. വകുപ്പില്ലാമന്ത്രി എന്നുപറയുന്നത് ഭരണഘടനയെ പരിഹാസ്യമാക്കുന്ന ഏര്‍പ്പാടാണെന്ന് കോടതി പറഞ്ഞിട്ടുണ്ട്. അങ്ങനെയൊരു പദവികൊണ്ട് എന്താണ് പ്രയോജനമെന്ന് ചോദിക്കുകയും ചെയ്തു. റിമാന്‍ഡില്‍ കഴിയുന്നയാള്‍ മന്ത്രിസഭയില്‍ തുടരുന്നത് സംശുദ്ധ ഭരണസംവിധാനത്തിന്റെ തത്ത്വങ്ങള്‍ക്കു ചേര്‍ന്നതല്ലെന്നും കോടതി വ്യക്തമാക്കിലയിരുന്നു
വിധിയുടെ അന്തസ്സത്ത ഉള്‍ക്കൊണ്ട് ബാലാജിയെ മന്ത്രിസഭയില്‍നിന്ന് നീക്കാന്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ തയ്യാറാവുമെന്നാണ് അദ്ദേഹവുമായി അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. കോടതിവിധിയുടെ പകര്‍പ്പ് ഔപചാരികമായി ലഭിച്ചതിനുശേഷമായിരിക്കും തീരുമാനമുണ്ടാവുക. ബാലാജിയെ മന്ത്രിസഭയില്‍നിന്നു നീക്കാന്‍ നിര്‍ദേശം നല്‍കണം എന്നാവശ്യപ്പെട്ട് മുന്‍ എഐഎഡിഎംകെ എംപി ജെ ജയവര്‍ധനും എസ് രാമചന്ദ്രന്‍ എന്നയാളും മന്ത്രിയെ പുറത്താക്കിക്കൊണ്ടുള്ള ഗവര്‍ണറുടെ ഉത്തരവ് മരവിപ്പിച്ചതിന്റെ സാധുതയെ ചോദ്യംചെയ്ത് ദേശീയ മക്കള്‍ കക്ഷി നേതാവ് എംഎല്‍ രവിയും നല്‍കിയ ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് ചീഫ് ജസ്റ്റിസ് എസ്‌വി ഗംഗാപുര്‍വാലയും ജസ്റ്റിസ് പിഡി.ആദികേശവലുവുമടങ്ങുന്ന ബെഞ്ച് മന്ത്രിയെ നീക്കുന്ന തീരുമാനം മുഖ്യമന്ത്രിക്കു വിട്ടത്. ഇതോടെയാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുന്നത്.
കേരളത്തിലെ മുന്‍ ധനമന്ത്രിയായ കെഎം മാണിയുടെ രാജിയില്‍ കലാശിച്ചത് കേരള ഹൈക്കോടതിയുടെ ഒരു നീക്കമായിരുന്നു. കെഎം മാണിയുടെ ധാര്‍മികത ചോദ്യം ചെയ്ത ഹൈക്കോടതി സീസറിന്റെ ഭാര്യ സംശയത്തിന് അധീതയാകണമെന്നും അദേഹം മന്ത്രിയായി തുടരണമോയെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നും നിലപാട് എടുത്തിരുന്നു. ഈ പരാമര്‍ശം ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായി 48 മണിക്കൂറുകള്‍ക്കുള്ളില്‍ അദേഹം രാജിവെച്ചിരുന്നു. ഇതേ, അവസ്ഥയിലുള്ള പരാമര്‍ശമാണ് മദ്രാസ് ഹൈക്കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ജൂണ്‍ 14 ന് ഇഡി അറസ്റ്റ് ചെയ്ത തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജി രണ്ടര മാസത്തോളമായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അഞ്ചുദിവസത്തെ ചോദ്യം ചെയ്യലിന് പിന്നാലെ കഴിഞ്ഞ മാസം, അനുബന്ധ രേഖകളടക്കം 3000 പേജുള്ള കുറ്റപത്രം ഇഡി ചെന്നൈ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. പിന്നാലെ ജനപ്രതിനികളുടെ പ്രത്യേക കോടതിയിലേയ്ക്ക് കേസ് മാറ്റി. ഒരു ഇടവേളക്കുശേഷം കഴിഞ്ഞ 28നാണ് ജാമ്യ ഹര്‍ജിയുമായി ജനപ്രതിനിധികളുടെ കോടതിയെ സെന്തില്‍ ബാലാജി സമീപിക്കുന്നത്.
എന്നാല്‍ റിമാന്‍ഡ് ചെയ്തത് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ആയതിനാല്‍ ആ കോടതിയെ സമീപിക്കാന്‍ ജഡ്ജി ആവശ്യപ്പെട്ടു. 30 ന് ഹര്‍ജി പരിഗണിച്ച സെഷന്‍സ് കോടതി ജഡ്ജി എസ് .അല്ലി നിലവില്‍ കേസുള്ളത് പ്രത്യേക കോടതിയില്‍ ആയതിനാല്‍ അവിടെയാണ് ഹര്‍ജി നല്‍കേണ്ടതെന്ന് അറിയിച്ചു. പ്രത്യേക കോടതിയില്‍ തിരിച്ചെത്തിയ സെന്തില്‍ ബാലാജിയോട് കള്ളപ്പണ വെളുപ്പിക്കല്‍ കേസുകള്‍ പരിഗണിക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്നും മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനും ജഡ്ജി നിര്‍ദേശിച്ചു.
മദ്രാസ് ഹൈക്കോടതി ആകട്ടെ ചീഫ് ജസ്റ്റിസ് ആണ് കേസ് പരിഗണിക്കേണ്ടെതെന്ന് നിലപാടെടുത്തു. പിന്നാലെയാണ് അധികാരപരിധി ഏത് കോടതിക്കാണെന്നതില്‍ വ്യക്തത ആവശ്യപ്പെട്ട് ഡിവിഷണല്‍ ബെഞ്ചിനെ സെന്തില്‍ സമീപിച്ചത്. ഏറ്റവും ഒടുവില്‍ ഈ കേസ് പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് ആര്‍.ശക്തിവേല്‍ പിന്മാറിയിരുന്നു. ഇതോടെ കഴിഞ്ഞ ഒരാഴ്ചയായി ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനായി വിവിധ കോടതികള്‍ കയറി ഇറങ്ങുകയാണ് സെന്തിലിന്റെ അഭിഭാഷകര്‍.