ആർജി ക‍ർ മെഡിക്കൽ കോളജിനെതിരെ ഗുരുതര കണ്ടെത്തൽ; കൊലപാതകം നടന്ന ഉടൻ സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത് തെളിവ് നശിപ്പിക്കാൻ കാരണമായി

കൊൽക്കത്തയിലെ ആർജി ക‍ർ മെഡിക്കൽ കോളജിനെതിരെ ഗുരുതര കണ്ടെത്തൽ. ഡോക്ടറുടെ കൊലപാതകം നടന്ന ഉടൻ സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത് തെളിവ് നശിപ്പിക്കാൻ കാരണമായെന്ന് ദേശീയ വനിതാ കമ്മീഷന്‍റെ പ്രാഥമിക റിപ്പോർട്ട്. കൊലപാതകം ആത്മഹത്യയാക്കാൻ ശ്രമം നടക്കുന്നതായും ആരോപണം ഉയരുന്നുണ്ട്.

ഡോക്ടർമാർക്കും ജീവനക്കാർക്കും വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ആശുപത്രിയിൽ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വനിതാ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ രണ്ടംഗ സമിതി ആണ് പരിശോധന നടത്തി റിപ്പോർട്ട് നൽകിയത്. സുരക്ഷ ഉറപ്പാക്കാനും കുറ്റകൃത്യങ്ങൾ അവർത്തിക്കാതിരിക്കാനും ശക്തമായ നടപടികൾ എടുക്കാൻ കമ്മീഷൻ നിർദേശിച്ചു.

അതേസമയം ആർജി കർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ ഇന്ന് പുലർച്ചെ വരെ സിബിഐ ചോദ്യംചെയ്തു. ഇന്നലെയാണ് സന്ദീപ് ഘോഷിനെ സിബിഐ ചോദ്യംചെയ്യാൻ വിളിപ്പിച്ചത്. വീണ്ടും ചോദ്യംചെയ്യാൻ വിളിപ്പിക്കും എന്നാണ് സൂചന.

അതിനിടെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പ്രതിഷേധം കടുപ്പിപ്പിച്ചിരിക്കുകയാണ് ഡോക്ടർമാർ. ഐഎംഎയുടെ 24 മണിക്കൂർ രാജ്യവ്യാപക സമരം നടക്കുകയാണ്. അടിയന്തര സേവനം ഒഴികെയുള്ളവ ബഹിഷ്കരിച്ചാണ് പ്രതിഷേധം. അതേസമയം കേരളത്തിലും മെഡിക്കൽ പിജി അസോസിയേഷന്‍റെ നേതൃത്വത്തിലും സമരം നടക്കുകയാണ്.