ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് ചലച്ചിത്ര താരവും ബിജെപി നേതാവുമായ ഖുശ്‌ബു സുന്ദർ. ആരോഗ്യപ്രശ്‌നങ്ങൾ കാരണമാണ് തീരുമാനമെന്ന് ഖുശ്‌ബു സുന്ദർ അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങൾ വ്യക്തമാക്കി ബിജെപി ദേശീയ പ്രസിഡൻ്റ് ജെ.പി നദ്ദയ്ക്ക് അയച്ച കത്ത് ഖുശ്ബു എക്സിൽ പങ്കുവച്ചു.
ഗുരുതരമായ ആരോഗ്യപ്രശ്‌നത്തിലൂടെയാണ് താൻ കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ ഈ വർഷത്തെ പ്രചാരണ പ്രവർത്തനങ്ങളിൽനിന്ന് മാറിനിൽക്കാനുള്ള അനുമതി നൽകണമെന്നാണ് ഖുശ്‌ബു ജെ.പി നദ്ദക്കയച്ച കത്തിൽ പറയുന്നത്. സജീവ പ്രചാരണത്തിനില്ലെങ്കിലും, സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം തുടരുമെന്നാണ് ഖുശ്ബു അറിയിച്ചത്. നരേന്ദ്രമോദി മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യുന്നത് കാണാൻ താൻ കാത്തിരിക്കുകയാണെന്നും ഖുശ്ബു പറയുന്നു.
2019-ൽ ഡൽഹിയിൽ വെച്ചുണ്ടായ അപകടത്തിൽ ഖുശ്‌ബുവിൻ്റെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. അഞ്ചുവർഷമായി അതിൻ്റെ ചികിത്സകൾ തുടരുകയായിരുന്നു. പൂർണമായും വിശ്രമിക്കണമെന്നായിരുന്നു ഡോക്ടറുടെ നിർദേശം. എന്നാൽ ഈ നിർദേശം അവഗണിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായതോടെ തൻ്റെ ആരോഗ്യസ്ഥിതി വഷളായെന്ന് ജെ.പി നദ്ദക്കയച്ച കത്തിൽ ഖുശ്‌ബു പറയുന്നു. അടുത്തിടെ വേദന കൂടിയ സാഹചര്യത്തിൽ ആരോഗ്യവിദഗ്‌ധരുടെ ഉപദേശമനുസരിച്ച്ച്ചാണ് വിശ്രമിക്കാൻ തീരുമാനിച്ചതെന്നും ഖുശ്‌ബു വ്യക്തമാക്കി.