കോവിഡ് വാക്സിൻ വിതരണം സുഗമമാക്കുമെന്ന് ഉറപ്പ് നല്‍കി സെറം ഇൻസ്റ്റിറ്റ്യൂട്ടും, ഭാരത് ബയോടെക്കും. തങ്ങളുടെ മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട ദൗത്യം എന്നത് ജീവൻ രക്ഷിക്കുക എന്നതാണെന്നും മരുന്ന് നിർമ്മാതാക്കൾ അറിയിച്ചു. രണ്ട് സ്ഥാപനങ്ങളുടെയും കൊറോണ വൈറസ് വാക്സിനുകൾ രാജ്യത്ത് ഉപയോഗിക്കുന്നതിനുള്ള അനുമതി ഈ ആഴ്ച കേന്ദ്ര സർക്കാർ നൽകിയിരുന്നു.
ഇന്ത്യയിലെയും ലോകത്തിലെയും ജനങ്ങളുടെ ജീവിതവും ഉപജീവനവും സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട ദൗത്യം എന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഭാരത് ബയോടെക്കും പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
രണ്ട് കോവിഡ്-19 വാക്സിനുകൾക്ക് അടിയന്തര ഉപയോഗ അംഗീകാരം ഇപ്പോൾ ഇന്ത്യയിൽ നൽകിയിട്ടുണ്ട്. വാക്‌സിൻ ഏറ്റവും ആവശ്യമുള്ള ജനവിഭാഗങ്ങൾക്ക് ഉയർന്ന നിലവാരമുള്ളതും സുരക്ഷിതവും ഫലപ്രദവുമായ വാക്സിനുകൾ ലഭിക്കുക എന്ന ലക്ഷ്യത്തോടെ ഉത്പാദനം, വിതരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും എന്നും പ്രസ്താവനയിൽ പറഞ്ഞു.
“രണ്ട് കമ്പനികളും ഈ പ്രവർത്തനത്തിൽ പൂർണമായും ഏർപ്പെട്ടിട്ടുണ്ട്, വാക്സിനുകളുടെ സുഗമമായ വിതരണം ഉറപ്പാക്കേണ്ടത് രാജ്യത്തോടും ലോകത്തോടുമുള്ള ഞങ്ങളുടെ കടമയായി കണക്കാക്കുന്നു. രണ്ട് കമ്പനികളും തങ്ങളുടെ കോവിഡ്-19 വാക്സിനുകളുടെ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തപോലെ തുടരുന്നു,” വാക്‌സിൻ നിർമ്മാതാക്കൾ പറഞ്ഞു.