മെയ് ഒന്നാം തിയതി മുതൽ ഇന്ത്യയിലെ സ്വകാര്യ ആശുപത്രികൾ കോവിഷീൽഡ് വാക്സിനു നൽകേണ്ടത് ലോകത്തെ ഏറ്റവും ഉയർന്ന വില. ഇന്ത്യൻ പൗരന്മാരോട് കോവിഡ് വാക്സിൻ കുത്തിവെപ്പിന് വേണ്ടി ഈടാക്കാൻ പോവുന്നത് ഡോസ് ഒന്നിന് 600രൂപ($8) എന്ന നിരക്കാണ്. ഇത് ഓക്സ്ഫോർഡ് സർവകലാശാലയും ആസ്റ്റർ സെനേക്കായും വികസിപ്പിച്ചെടുത്ത കോവിഡ് ഷീൽഡ് വാക്സിന് ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണെന്ന് “ഇന്ത്യൻ എക്സ്പ്രസ്” റിപ്പോർട്ട് ചെയ്യുന്നു.
സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവർക്ക് പോലും ഡോസ് ഒന്നിന് 400 രൂപ നിരക്കിൽ പണം മുടക്കേണ്ടി വരും. ഈ നിരക്ക് പോലും അമേരിക്ക, ഓസ്‌ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലെ സർക്കാർ നിരക്കുകളേക്കാൾ കൂടുതലാണ്. ഈ നിരക്ക് ബംഗ്ലാദേശ്, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾക്ക് ഇതേ സെറം ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന നിരക്കിനേക്കാൾ കൂടുതലാണ് എന്നതും ശ്രദ്ധേയമാണ്. 400 രൂപ പ്രതി ഡോസ് എന്ന ഇന്ത്യൻ നിരക്ക് ഏകദേശം $5.30 അടുപ്പിച്ച് വരും. യൂറോപ്യൻ യൂണിയൻ $2.15-$3.50 എന്ന നിരക്കിലും യുകെ $3, ബംഗ്ലാദേശ്, അമേരിക്ക $4 എന്നീ നിരക്കുകളിലുമാണ് വാക്സിൻ വാങ്ങിക്കൊണ്ടിരിക്കുന്നത്.
400 രൂപ നിരക്കിൽ ഓരോ പൗരനും വാക്സിൻ നൽകാനാവില്ലെന്ന് സംസ്ഥാനങ്ങൾ തീരുമാനിച്ചാൽ വാക്സിനെടുക്കുന്നവർ തന്നെ വഹിക്കേണ്ടി വരും. എന്നുവെച്ചാൽ, ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന വാക്സിൻ ലോകത്തെ മറ്റു രാഷ്ട്രങ്ങൾ നൽകുന്നതിനെക്കാൾ കൂടിയ നിരക്കിൽ ഇന്ത്യക്കാർ വാങ്ങണമെന്നു സാരം.
Read more
ആസ്റ്റർ സെനേക്കായും ഓക്സ്ഫോർഡ് സർവകലാശാലയും ചേർന്ന് വികസിപ്പിച്ചെടുത്ത ഈ വാക്സിൻ ലൈസൻസ് ചെയ്ത് ഇന്ത്യയിൽ നിർമിച്ച് വിൽക്കുക മാത്രമാണ് യഥാർത്ഥത്തിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ചെയ്യുന്നത്. ഇതിനകം തന്നെ കേന്ദ്ര സർക്കാരിൽ നിന്ന് 3000 കോടി രൂപയുടെ അഡ്വാൻസ് സെറം ഇൻസ്റ്റിറ്റ്യൂട്ട് കൈപ്പറ്റിയിട്ടുണ്ട്.